Sorry, you need to enable JavaScript to visit this website.

മത-ഭൗതിക സമന്വയ വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യം -അലി ശാക്കിർ മുണ്ടേരി

ജിദ്ദ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിൽ അലി ശാക്കിർ മുണ്ടേരി സംസാരിക്കുന്നു.

ജിദ്ദ-ആധുനിക കാലഘട്ടത്തിൽ കുട്ടികൾക്ക് ലഭിക്കേണ്ടത് മത-ഭൗതിക സമന്വയ വിദ്യാഭ്യാസം ആയിരിക്കണമെന്നും ധാർമികതയിലൂന്നിയ പഠനത്തിലൂടെ മാത്രമേ കുറ്റമറ്റ ഒരു തലമുറയെ വാർത്തെടുക്കാൻ സാധിക്കൂവെന്നും പ്രമുഖ പണ്ഡിതനും ചുങ്കത്തറ നജാത്തുൽ അനാം പ്രിൻസിപ്പലുമായ അലി ഷാക്കിർ മുണ്ടേരി പറഞ്ഞു. ജിദ്ദ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിലെ പ്രതിവാര ക്ലാസിൽ കുട്ടികളുടെ വിദ്യാഭ്യാസം  എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രക്ഷിതാക്കളിൽ നിന്നും മക്കൾക്ക് ലഭിക്കേണ്ട അവകാശങ്ങളെക്കുറിച്ച് രണ്ടാം ഖലീഫ ഉമർ (റ) പ്രവാചക ഉപദേശങ്ങളെ അവലംബിച്ചു കൊണ്ട് പറഞ്ഞിട്ടുണ്ട്. അവർക്ക് നല്ല പേര് നൽകുകയും മത ബോധമുള്ള ഒരു മാതാവിനെ നൽകുകയും വിശുദ്ധ ഖുർആൻ പഠിപ്പിക്കുകയും അതനുസരിച്ചു വളർത്തുകയും വേണം. പ്രതികൂലമായ ചുറ്റുപാടുകളെയും സാഹചര്യങ്ങളെയും കുറിച്ച് വ്യക്തമായ അവബോധം രക്ഷിതാക്കൾക്ക് ഉണ്ടായിരിക്കണം.
ലഹരി സമൂഹത്തിൽ ഒരു വലിയ ദുരന്തമായി മാറിക്കൊണ്ടിരിക്കുകയാണ്. ലഹരി സമൂഹത്തെ പിടിമുറുക്കുന്ന സാഹചര്യത്തിൽ രക്ഷിതാക്കൾ വളരെ ജാഗരൂകരായി പ്രവർത്തിച്ചില്ലെങ്കിൽ മക്കൾ ലഹരിക്ക് അടിപ്പെട്ട് പോയവരായിത്തീരും. ലഹരി ഉപയോഗിക്കുന്നവർ ആരും തന്നെ മക്കളുടെ സൗഹൃദവലയത്തിൽ ഇല്ലെന്ന് ഉറപ്പു വരുത്തണം. മക്കൾക്ക് മാനസികമായ സംഘർഷങ്ങൾ ഉളവാക്കുന്ന രീതിയിൽ മാതാപിതാക്കൾ പെരുമാറരുത്. ലഹരിവസ്തുക്കളെയും അവയിലടങ്ങിയ അപകടങ്ങളെ കുറിച്ചും അവരെ പറഞ്ഞു മനസ്സിലാക്കണം. എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായാൽ ഭീഷണി കൊണ്ട് അവരെ നേരിടരുത്. പകരം അവരെ ചേർത്തുപിടിക്കുകയാണ് വേണ്ടത്. സ്രഷ്ടാവിനെ കുറിച്ചും അവന്റെ അനുഗ്രഹങ്ങളെ കുറിച്ചും മരണാനന്തര ജീവിതത്തിലെ യാഥാർത്ഥ്യത്തെക്കുറിച്ചുമുള്ള ബോധം മക്കൾക്ക് നൽകുക. അതോടൊപ്പം തന്നെ അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക þ-അദ്ദേഹം പറഞ്ഞു.
പരിശുദ്ധ ഹജ് മാസത്തിന്റെ സമാരംഭത്തിലാണ് നാം. പ്രവാചകൻ ഇബ്രാഹിം നബി (അ) യുടെ ത്യാഗനിർഭരമായ ജീവിത സാഹചര്യങ്ങൾ മറക്കാതിരിക്കാൻ സ്രഷ്ടാവ് ഹജിനെ ആവർത്തിച്ചു കൊണ്ടുവരികയാണ്. ഇബ്രാഹിം നബിയുടെ മില്ലത്തിനെ പിൻപറ്റുവാൻ വേണ്ടിയാണ് അത്. മില്ലത്ത് എന്നാൽ ജീവിതത്തിലെ ആദർശവും വഴിയും വിശ്വാസങ്ങളും അതിലെ നിലപാടുമാണ്. ദുൽഹജിലെ ആദ്യത്തെ പത്തു ദിനങ്ങൾ ഏറ്റവും ശ്രേഷ്ഠവും ഏറെ പുണ്യങ്ങൾ ലഭിക്കുന്നതുമാണ്. ആ ദിവസങ്ങൾ കഴിവിന്റെ പരമാവധി നന്മകൾ ആർജിച്ചുകൊണ്ട് ജീവിതത്തെ സമ്പന്നമാക്കാൻ നാം ഓരോരുത്തരും അവരവരുടെ കഴിവിന്റെ പരമാവധി പരിശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു.ശിഹാബ് സലഫി സ്വാഗതവും നൂരിഷ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു


 

Latest News