Sorry, you need to enable JavaScript to visit this website.

തട്ടിപ്പുവീരൻ വാടകക്ക് നൽകിയത് ജിദ്ദയിലെ കൊട്ടാരം

ജിദ്ദ ഖുസാം കൊട്ടാര കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന അനധികൃത വർക്ക് ഷോപ്പുകളിൽ ഒന്ന് 

ജിദ്ദ- നുസ്‌ല അൽയെമാനിയയിലെ ചരിത്രപ്രധാനമയ ഖുസാം കൊട്ടാരം നിയമ ലംഘകർക്ക് വാടകക്ക് നൽകി വിരുതന്റെ തട്ടിപ്പ്. ബ്രിഗേഡിയർ റാങ്കിലുള്ള വ്യാജ സുരക്ഷാ ഉദ്യോഗസ്ഥൻ ചമഞ്ഞ വ്യക്തിയും സഹായികളും ചേർന്നാണ് ഖുസാം കൊട്ടാരത്തിലെ മുറികളും മുറ്റങ്ങളും  ഗോഡൗണുകളായി പ്രവർത്തിപ്പിക്കുന്നതിന് പതിനാലു വർഷമായി വാടകക്ക് നൽകുന്നത്. ചില ഗോഡൗണുകൾ 1,70,000 റിയാൽ വരെ വാർഷിക വാടകക്കാണ് വ്യാജ ഉദ്യോഗസ്ഥനും സഹായികളും വാടകക്ക് നൽകിയിരിക്കുന്നത്.

പാദരക്ഷകളും ഫർണിച്ചറും മര ഉരുപ്പടികളും മറ്റുമാണ്  അനധികൃത ഗോഡൗണുകളിൽ സൂക്ഷിക്കുന്നത്. മര ഉരുപ്പടികൾ നിർമിക്കുന്ന വർക്ക് ഷോപ്പുകളും വെൽഡിംഗ് വർക്ക് ഷോപ്പുകളും ബിൽബോർഡുകൾ നിർമിക്കുന്ന യൂനിറ്റുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. വ്യത്യസ്ത രാജ്യക്കാരായ തൊഴിലാളികളും ഇവിടെ താമസിക്കുന്നു. ചരക്കുകൾ വഹിച്ച ലോറികൾ ഇടക്കിടക്ക് ഇവിടെ വന്നുപോകുന്നു. 


കൊട്ടാരത്തിന്റെ ഉടമകളായ അനന്തരാവകാശികളുടെ നിയമാനുസൃത പ്രതിനിധിയുമായി സഹകരിച്ചാണ് കൊട്ടാരത്തിന്റെ ഭാഗങ്ങൾ ആവശ്യക്കാർക്ക് വാടകക്ക് നൽകുന്നതെന്നും നിയമ വിരുദ്ധമായി ഗോഡൗണുകളും വർക്ക് ഷോപ്പുകളും മറ്റും പ്രവർത്തിപ്പിക്കുന്നതിന് കൊട്ടാരം വാടകക്ക് നൽകുന്നതിനെ എതിർക്കുന്ന ഔദ്യോഗിക വകുപ്പുകളുടെ വായടപ്പിക്കുന്നതിന് ഉന്നതാധികൃതരുമായുള്ള അടുത്ത ബന്ധങ്ങളിലൂടെ തനിക്ക് സാധിക്കുന്നതായും കൊട്ടാരത്തിൽ ഗോഡൗൺ വാടകക്ക് എടുക്കുന്നതിനെന്ന വ്യാജേന സമീപിച്ച മാധ്യമപ്രവർത്തകരെ വ്യാജ ഉദ്യോഗസ്ഥൻ അറിയിച്ചു. ഗോഡൗണുകളുടെ വാടക ഒരു ലക്ഷം റിയാൽ മുതൽ 1,70,000 റിയാൽ വരെയാണെന്നും ഇയാൾ പറഞ്ഞു.

നഗരസഭാ പരിശോധകരും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും ബലദിയ ഉദ്യോഗസ്ഥരും തന്റെ സുഹൃത്തുക്കളാണ്. പ്രദേശത്ത് പരിശോധനക്ക് ഇവരാരും വരുമെന്ന് ഭയക്കേണ്ടതില്ല. കൊട്ടാര ഭാഗങ്ങൾ വാണിജ്യാവശ്യങ്ങൾക്ക് വാടകക്ക് നൽകുന്നതിന് ലൈസൻസില്ല. വാച്ച്മാൻ ഏതു സമയവും മെയിൻ ഗെയ്റ്റ് അടച്ചിടുന്നതിനാൽ നഗരസഭാ ഉദ്യോഗസ്ഥർക്ക് കൊട്ടാരത്തിൽ പ്രവേശിക്കുന്നതിന് സാധിക്കില്ലെന്നും വ്യാജ ഉദ്യോഗസ്ഥൻ പറഞ്ഞു. വാടക കൂടുതലാണെന്ന് പറഞ്ഞ്, വ്യാപാരികൾ ചമഞ്ഞ മാധ്യമ പ്രവർത്തകർക്ക് അനുയോജ്യമായ നിരക്കിലുള്ള പതിമൂന്നു ഗോഡൗണുകൾ വ്യാജ ഉദ്യോഗസ്ഥൻ കാണിച്ചുകൊടുത്തു. 
ഖുസാം കൊട്ടാരം സ്വകാര്യ സ്വത്താണെന്നും കൊട്ടാരത്തിന്റെ മേൽനോട്ട ചുമതല ടൂറിസം, ദേശീയ പൈതൃക വകുപ്പിനില്ലെന്നും ടൂറിസം, ദേശീയ പൈതൃക വകുപ്പ് മക്ക ശാഖ വക്താവ് യാസിർ അൽഅബാദി പറഞ്ഞു. ഖുസാം കൊട്ടാരത്തിലെ നിയമ ലംഘനങ്ങളെ കുറിച്ച് മാധ്യമ പ്രവർത്തകർ അറിയിച്ചതിനെ തുടർന്ന് കൊട്ടാര കോമ്പൗണ്ടിൽ പ്രവർത്തിച്ചിരുന്ന ഏഴു ഗോഡൗണുകൾ നഗരസഭ അടപ്പിച്ചു. രണ്ടു തയ്യൽ മെഷീനുകളും ഏഴു മറ്റു ഉപകരണങ്ങളും പന്ത്രണ്ടു ഗ്യാസ് സിലിണ്ടറുകളും ഇവിടെ നിന്ന് നഗരസഭാധികൃതർ പിടിച്ചെടുത്തതായും ജിദ്ദ നഗരസഭ മീഡിയ സെന്റർ ഉദ്യോഗസ്ഥൻ സാമി അൽഗാംദി പറഞ്ഞു.

 

Latest News