ന്യൂദല്‍ഹി- വിദേശ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശവുമായി ബി.ജെ.പി. യു.എസ് സന്ദര്‍ശനം കഴിഞ്ഞു രാഹുല്‍ മടങ്ങിയെത്തുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ വിദേശസന്ദര്‍ശനങ്ങളെക്കുറിച്ച് ചോദ്യം ഉന്നയിച്ച് ബി.ജെ.പി രംഗത്തെത്തിയിരിക്കുന്നത്.
എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധി ഇത്രയധികം സമയം വിദേശത്ത് ചെലവഴിക്കുന്നത്, അദ്ദേഹത്തിന്റെ സന്ദര്‍ശനങ്ങളിലെ ഭൂരിഭാഗം കാര്യങ്ങളും നിഗൂഢമാണ്. വിദേശ ഏജന്‍സികളുമായും ഗ്രൂപ്പുകളുമായുള്ള രാഹുല്‍ ഗാന്ധിയുടെ കൂടിക്കാഴ്ചകള്‍ രാജ്യതാല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമാണെന്നു പല റിപ്പോര്‍ട്ടുകളുണ്ട്. അതുകൊണ്ട് തന്നെ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യങ്ങള്‍ ഉയരുകയാണ്- ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്തു.
21 ദിവസം നീണ്ട യു.എസ് സന്ദര്‍ശനത്തിനു പിന്നാലെ രാഹുല്‍ ഗാന്ധി ഇന്നലെ മടങ്ങിയെത്തി. പട്‌നയില്‍ ജൂണ്‍ 23നു നടക്കാനിരിക്കുന്ന നിര്‍ണായക പ്രതിപക്ഷയോഗത്തിനു മുന്നോടിയായാണു രാഹുല്‍ ഗാന്ധി തിരിച്ചെത്തുന്നത്.