ന്യൂദല്‍ഹി- ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഫെയിം2 (ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിങ്ങ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍) പദ്ധതിയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി സബ്‌സിഡി നേടാന്‍ ശ്രമിച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കള്‍ക്കെതിരേ നടപടിയെടുക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ആറ് ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ക്കെതിരേയാണ് നടപടി വരിക.
പിഴ ഈടാക്കുന്നതിന് പുറമെ സബ്‌സിഡി ലഭിക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെ പട്ടികയില്‍നിന്ന് കൃത്രിമം കാണിച്ചതായി കണ്ടെത്തിയ കമ്പനികളെ ഒഴിവാക്കുകയും കഴിഞ്ഞ 15 മാസത്തിനുള്ളില്‍ വിറ്റ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ സബ്‌സിഡി തടയുകയും ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. അന്തിമ പിഴ തുക തീരുമാനിക്കുന്നതിന് മുമ്പ് ഹെവി ഇന്‍ഡസ്ട്രി മിനിസ്ട്രി മറ്റ് സര്‍ക്കാര്‍ വകുപ്പുകളുമായികൂടി ആലോചന നടത്തും.
ഫെയിം 2വിലെ ഇന്‍സെന്റീവ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് 500 കോടി രൂപ തിരിച്ചുപിടിക്കാന്‍ ഹീറോ ഇലക്ട്രിക്, ഒഖിനാവ ഓട്ടോടെക്, ആംപിയര്‍ ഇ.വി, റിവോള്‍ട്ട് മോട്ടോഴ്‌സ്, ബെന്‍ലിംങ് ഇന്ത്യ, ലോഹ്യ ഓട്ടോ, എ.എം.ഒ. മൊബിലിറ്റി എന്നിവയുള്‍പ്പെടെ ഏഴ് ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കള്‍ക്ക് സര്‍ക്കാര്‍ നോട്ടീസ് അയച്ചിരുന്നു. പുറമെ, 13 കമ്പനികള്‍ക്കുള്ള സബ്‌സിഡി വിതരണവും കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു.