Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വാട്സ്ആപ്പിൽ പുതിയ ഫീച്ചർ; സൈലൻസ് അൺ നോൺ കോളേഴ്‌സ്

ജനപ്രിയ മെസേജിം​ഗ് പ്ലാറ്റ്ഫോമായ വാട്‌സ്ആപ്പിൽ ഈയടുത്ത മാസങ്ങളിൽ പ്രചരിച്ച തട്ടിപ്പുകൾക്ക് കണക്കില്ല. സമ്മാനങ്ങൾ മുതൽ ബാങ്ക് കാർഡ് അപ്ഡേറ്റ് വരെ കെണിയിൽ പെടുത്താനുതകുന്ന സന്ദേശങ്ങളാണ് സൈബർ തട്ടിപ്പുകാർ അയച്ചിരുന്നത്. വിവിധ രാജ്യങ്ങളിലെ അജ്ഞാത നമ്പറുകളിൽനിന്നുളള കോളുകളും ഉപയോക്താക്കളെ ശരിക്കും കുഴക്കിയിരുന്നു. ഇത് അവസാനിച്ചുവെന്നല്ല, ഇപ്പോഴും തട്ടിപ്പുകാർ പലവിധ അടവുകൾ പയറ്റുന്നുണ്ട്. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ കൈക്കലാക്കുകയും അതുവഴി അക്കൗണ്ടുകളിൽനിന്ന് പണം തട്ടുകയുമാണ് ഹാക്കർമാരുടെ പ്രധാന ലക്ഷ്യം.
ഇതിൽനിന്ന് ആശ്വാസമേകാൻ വാട്സ് ആപ്പ് പുതിയൊരു ഫീച്ചർ ആരംഭിച്ചിരിക്കയാണ്. സൈലൻസ് അൺ നോൺ കോളേഴ്‌സ് എന്ന പുതിയ ഫീച്ചറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ വാട്ട്‌സ്ആപ്പിലെ അജ്ഞാതരായ ആളുകളിൽ നിന്നുള്ള സ്പാം, സ്‌കാമുകൾ, കോളുകൾ എന്നിവ ഉപകരണം സ്വയമേവ സ്‌ക്രീൻ ചെയ്യുന്നതാണ് പുതിയ ഫീച്ചർ. ഇൻകമിംഗ് കോളുകൾക്ക് കൂടുതൽ സ്വകാര്യതയും നിയന്ത്രണവും നൽകുന്നതിനാണ് സൈലൻസ് അൺ നോൺ കോളേഴ്‌സ് രൂപകൽപന ചെയ്തിരിക്കുന്നതെന്ന് വാട്സ്ആപ്പ് ബ്ലോഗിൽ വിശദീകരിച്ചു.
വാട്സ്ആപ്പിലെ സ്വകാര്യത മെച്ചപ്പെടുത്തുന്നതിനായി ആരംഭിച്ച രണ്ട് പുതിയ അപ്‌ഡേറ്റുകളിൽ ഒന്നാണ് സൈലൻസ് അൺ നോൺ കോളേഴ്‌സ്. ഇപ്പോൾ പരീക്ഷണാർഥം ആരംഭിച്ചിരിക്കുന്ന പുതിയ ഫീച്ചർ അടുത്തുതന്നെ ആൻഡ്രോയിഡ്, ഐ.ഒ.എസ് ഉപയോക്താക്കൾക്ക് ലഭ്യമാകും. ഇത് ആക്ടീവാക്കാൻ  ഫോണിൽ വാട്സ്ആപ്പ് തുറന്ന് സ്ക്രീനിന്റെ താഴെ വലത് കോണിലുള്ള സെറ്റിം​ഗ്സ് ടാപ്പ് ചെയ്യുക. തുടർന്ന് പ്രൈവസി ടാപ്പ് ചെയ്താൽ കോളുകളിൽ അജ്ഞാത കോളർമാരെ നിശബ്ദമാക്കുകയോ ഓൺ ചെയ്യുകയോ ചെയ്യുന്നതിനുള്ള ഓപ്‌ഷൻ ലഭിക്കും. ഈ ഫീച്ചർ ആക്ടാവാക്കിയാൽ അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകൾ സ്വയമേവ നിശബ്ദമാക്കപ്പെടും. ഈ കോളുകൾ നിങ്ങളുടെ ഫോണിൽ റിംഗ് ചെയ്യില്ല. എന്നാൽ പ്രധാനപ്പെട്ട ആരെങ്കിലുമുണ്ടെങ്കിൽ അത് നിങ്ങളുടെ കോൾ ലിസ്റ്റിൽ ദൃശ്യമാകുമെന്നും വാട്സ്ആപ്പ് വിശദീകരിച്ചു.
ആപ്പിലെ സംരക്ഷണത്തിനുള്ള ഓപ്ഷനുകളെക്കുറിച്ച് എല്ലാവർക്കും അറിയാമെന്ന് ഉറപ്പാക്കാൻ വാട്സ്ആപ്പ്  ഒരു പുതിയ സ്വകാര്യതാ പരിശോധന ടൂളും അവതരിപ്പിച്ചു.

Latest News