കൊച്ചി - വ്യാജ രേഖ ചമച്ച് എം കോമിന് പ്രവേശനം നേടിയെന്ന പരാതിയിൽ എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസിനെതിരെ കായംകുളം പോലീസ് കേസെടുത്തു. കായംകുളം എം.എസ്.എം കോളജിൽനിന്ന് ഡിഗ്രി തോറ്റ നിഖിൽ അടുത്ത അധ്യയനവർഷം അതേ കോളജിൽ പി.ജിക്ക് പ്രവേശനം നേടിയെന്ന് ആരോപണം ഉയർന്നതിതിനെ തുടർന്ന് വ്യാജരേഖ ചമയ്ക്കൽ, വഞ്ചനാക്കുറ്റം എന്നിവ ചുമത്തിയാണ് പോലീസ് കേസ്.
എന്നാൽ, കലിംഗ സർവ്വകലാശാലയിൽനിന്ന് ബിരുദം പാസായിട്ടുണ്ടെന്നായിരുന്നു നിഖിലിന്റെ വാദം. സംഭവത്തിൽ എം.എസ്.എം കോളജ് പ്രിൻസിപ്പലും മാനേജരും പോലീസിൽ രേഖാമൂലം പരാതി നല്കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രിൻസിപ്പലിന്റെയും മാനേജരുടെയും മൊഴിയെടുത്തു. പിന്നാലെ, കായംകുളം പോലീസ് റായ്പൂരിലെ കലിംഗ സർകലാശാലയിലെത്തി രജിസ്ട്രാർ, വി.സി എന്നിവരെ കണ്ട് വിവരങ്ങൾ തേടുകയുമുണ്ടായി. എന്നാൽ, നിഖിൽ കലിംഗയിൽ പഠിച്ചിട്ടില്ലെന്നാണ് വിവരം.
അതിനിടെ, വ്യാജരേഖയാണെന്ന് ബോധ്യമായതോടെ, നിഖിൽ എം തോമസിനെ പുറത്താക്കിയതായി എസ്.എഫ്.ഐ അറിയിച്ചു. സംഘടനയെ പൂർണമായി തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് വിശദീകരണം നല്കിയതെന്നും ഒരിക്കലും ഒരു എസ്.എഫ്.ഐ പ്രവർത്തകൻ ചെയ്യാൻ പാടില്ലാത്ത പ്രവർത്തനമാണ് നിഖിൽ തോമസ് ചെയ്തതെന്നും സംഘടനയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് അടക്കം നീക്കി എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീയും സെക്രട്ടറി പി.എം ആർഷോയും പ്രസ്താവനയിൽ അറിയിച്ചു.