ബലിപെരുന്നാളാഘോഷത്തിന് മാറ്റുകൂട്ടാൻ അസീർ ഫെസ്റ്റ്

സ്വാഗതസംഘം രൂപീകരണ യോഗത്തിൽ രാജഗോപാൽ ക്ലാപ്പന സംസാരിക്കുന്നു.

ഖമീസ് മുശൈത്ത്‌-  അസീർ പ്രവാസി സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ഈദ് അവ‌ധി ദിനങ്ങളിൽ ഫുട്ബോൾ, വടംവലി മത്സങ്ങൾ സംഘടിപ്പിക്കുന്നു. ഖാലിദിയയിലെ നാദി ദമക്ക് ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫെസ്റ്റിൽ ബലിപെരുന്നാളിൻ്റെ രണ്ടും മൂന്നും ദിനങ്ങളിൽ അസീറിലെ പ്രമുഖ എട്ടു ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട്  ഫുട്ബോൾ മത്സരവും സമാപന ദിവസം  വടംവലി മത്സരവും നടക്കും.
മൈ കെയർ മെഡിക്കൽ ഗ്രൂപ്പ് വിന്നേഴ്സ് ട്രോഫിക്കും ഫ്ലൈ കിയോസ്ക് ട്രാവൽസ് റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള ഫുട്ബോൾ മത്സരങ്ങളും  ഹോട്ടൽ ന്യൂ സഫയർ വിന്നേഴ്സ് ട്രോഫിക്കും എസെഡ് എക്സ്പ്രസ്സ് കാർഗോ റണ്ണേഴ്സ് ട്രോഫിക്കും  വേണ്ടിയുള്ള വടംവലി മത്സരങ്ങളുമാണ് ഒരുക്കുന്നത്.
അസീറിലെ പ്രമുഖ ടീമുകൾക്കായി സൗദിയുടെ വിവിധ പ്രവിശ്യകളിൽ നിന്നും നാട്ടിൽനിന്നുമുള്ള പ്രമുഖ ക്ലബ് താരങ്ങളും അണിനിരക്കും. ടൂർണ്ണമെൻ്റിൽ ഇന്ത്യൻ താരങ്ങൾക്ക് പുറമേ നേപ്പാൾ, ശ്രീലങ്ക, കളിക്കാരുടെ സാന്നിധ്യവുമുണ്ടാകും.  
അസീറിലെ കായിക പ്രേമികൾക്ക് വേറിട്ട ബലിപെരുന്നാൾ വിരുന്നായിരിക്കും ഇതെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു.
രണ്ടാം പെരുന്നാൾ ദിനത്തിൽ അസീറിലെ വിദ്യാർത്ഥികൾ അണ്ടർ 16 സൗഹൃദ ഫുട്ബോളിൽ മാറ്റുരയ്ക്കും. ഒപ്പം ഇടവേളകളിൽ കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും. പിന്നിട് അസീർ സോക്കറിൻ്റെ ആദ്യ റൗണ്ടിലെ നാല് കളികളും പിറ്റേ ദിവസം സെമി ഫൈനലുകളും  വെറ്ററൻസ് മത്സരങ്ങളും  വടംവലി മത്സരങ്ങളും ഫൈനലും എന്നീ ക്രമത്തിലായിരിക്കും അസീർ സ്പോർട്സ് ഫെസ്റ്റ് അരങ്ങേറുക.
സ്പോട്സ് ഫെസ്റ്റിന് കൊഴുപ്പേകാൻ മുഴുവൻ ടിമുകളുടെ മാർച്ച് ഫാസ്റ്റും സൗദി- ഇന്ത്യാ ഇരു രാജ്യങ്ങളുടെ ദേശീയ ഗാനാലാപനവും വിവിധ സാംസ്കാരിക പരിപാടികളും  അസീർ മേഖലയിലെ രാഷ്ട്രീയ-സാംസ്കാരിക വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനവും സംഘടിപ്പിക്കും.   
 സ്വ​ഗതസംഘം രൂപീകരണ യോ​ഗത്തിൽ പരിപാടിയുടെ വിജയത്തിനായി വിവിധ ഉപകമ്മറ്റികൾ നിലവിൽ വന്നു. പ്രോഗ്രാം കമ്മറ്റി കൺവീനറായി രാജേഷ് കറ്റിട്ട , ചെയർമാനായി രാജഗോപാൽ ക്ലാപ്പന, ജോ. കൺവീനർമാരായി മനോജ് കണ്ണൂർ, നവാബ് ഖാൻ , വൈസ് ചെയർമാരായി
സുരേന്ദ്രൻ സനായ്യ, അനുരൂപ്. ട്രഷറർമാരായി നിസാർ എറണാകുളം ,റസാഖ് ആലുവ , പബ്ലിസിറ്റി കമ്മറ്റി ഭാരവാഹികളായി  രാജേഷ് അൽ റാജി ,ഷംനാദ്, ഹാരിസ് എന്നിവരെ തെരഞ്ഞെടുത്തു.
 സ്പോർട്സ് ഫെസ്റ്റ് വിജയിപ്പിക്കാൻ അസീറിലെ കായിക പ്രേമികളുടേയും പൊതു സമൂഹത്തിൻ്റേയും പിന്തുണ അസീർ പ്രവാസി സംഘം കേന്ദ്ര കമ്മറ്റിയും മുഖ്യ പ്രായോജകരും അഭ്യാർത്ഥിച്ചു. മത്സര രംഗത്തുള്ള ക്ലബുകളുടെ പ്രതിനിധികളും   പരിപാടിയിൽ സംബന്ധിച്ചു.
അസീർ പ്രവാസി സംഘം രക്ഷാധികാരി ബാബു പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു, ആക്റ്റിം​ഗ് ജന.സെക്രട്ടറി അബ്ദുൾ വഹാബ് കരുനാഗപള്ളി , ട്രഷറർ റഷീദ് ചെന്ത്രാപ്പിന്നി,  ഹോട്ടൽ ന്യൂസഫയർ എംഡി മുസ്തഫ, എസെഡ് കാർഗോ മാനേജർ അബ്ദു റസാഖ് ,
ഫ്ലൈ കിയോസ്ക് ട്രാവൽസ് പ്രതിനിധി ആഷിഖ്, റോയൽ ട്രാവൽസ് പ്രതിനിധി ബഷീർ, മുഹമ്മദാലി ചെന്ത്രാപ്പിന്നി, റസാഖ് കിണാശ്ശേരി,  നാസിഖ് എന്നിവർ സംസാരിച്ചു.
പ്രോഗ്രാം കമ്മറ്റി ചെയർമാൻ രാജഗോപാൽ ക്ലാപ്പന അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മറ്റി  കൺവീനർ രാജേഷ് കറ്റിട്ട അസിർ സോക്കർ നിയമാവലിയും നിബന്ധനകളും വിശദീകരിച്ചു. വടംവലി മത്സര കൺവീനറായ പൊന്നപ്പൻ സ്വാഗതവും ചെയർമാൻ വിശ്വനാഥൻ നന്ദിയും പറഞ്ഞു.

 

Latest News