തിരുവനന്തപുരം - കായംകുളം എം.എസ്.എം കോളജിൽ ഡിഗ്രി പാസാകാതെ വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ച് പി.ജിക്ക് പ്രവേശനം നേടിയ നിഖിൽ തോമസിനെ എസ്.എഫ്.ഐ സംഘടനയിൽനിന്ന് പുറത്താക്കി. നിഖിൽ സംഘടനയെ തെറ്റിദ്ധരിപ്പിച്ചെന്നും നിഖിൽ ചെയ്തത് പ്രവർത്തകൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണെന്നും എസ്.എഫ്.ഐ വ്യക്തമാക്കി.
2019 മുതൽ കലിംഗ സർവകലാശാലയിൽ പഠിച്ചുവെന്നാണ് നിഖിലിന്റെ വാദം. എന്നാൽ 2018-20 കാലഘട്ടത്തിൽ കായംകുളം എം.എസ്.എം കോളജിലെ ബി.കോം വിദ്യാർത്ഥിയായിരുന്ന നിഖിൽ, പരീക്ഷ പാസാകാതിരുന്നിട്ടും ഇതേ കോളജിൽ 2021ൽ എം.കോമിന് പ്രവേശനം നേടുകയായിരുന്നു. പ്രവേശനത്തിന് 2019-21 കാലയളവിലെ കലിംഗ സർവകലാശാലയുടെ വ്യാജ ബി.കോം സർട്ടിഫിക്കറ്റും നിഖിൽ ഹാജരാക്കി. എസ്.എഫ്.ഐ ജില്ല കമ്മിറ്റി അംഗമായ ഒരു ജൂനിയർ വിദ്യാർത്ഥിനിയാണ് നിഖിലിന്റെ തെറ്റായ നടപടി ആദ്യം പാർട്ടിയിൽ ഉന്നയിച്ചത്. ഒരാൾക്ക് ഒരേ സമയത്ത് കായംകുളത്തും കലിംഗ യൂനിവേഴ്‌സിറ്റിയിലും എങ്ങനെ പഠിക്കാൻ സാധിക്കുമെന്നും ചോദ്യമുയർന്നു. ഇതോടെ, സി.പി.എം നിഖിലിനെ വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്തുകയും ആരോപണം ഉയർന്ന് മുന്നൂമാസത്തിനുശേഷം സ്ഥാനങ്ങളിൽനിന്ന് നീക്കാൻ നിർദേശം നൽകുകയുമുണ്ടായി.
അതിനിടെ, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോ നിഖിലിനെ ന്യായീകരിച്ച് രംഗത്തുവന്നെങ്കിലും, നിഖിൽ തോമസ് ബി.കോമിന് കലിംഗ സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്ന് സർവ്വകലാശാല അധികൃതർ വ്യക്തമാക്കിയതോടെ എല്ലാ നാടകങ്ങളും പൊളിയുകയായിരുന്നു. നിഖിലിനെ ജില്ല കമ്മിറ്റി, കായംകുളം ഏരിയ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ നിന്ന് എസ്.എഫ്.ഐ നീക്കം ചെയ്തതിന് പിന്നാലെയാണ് സംഘടനയിൽനിന്നുള്ള പുറത്താക്കൽ. നിഖിലിന് അഡ്മിഷൻ ശിപാർശ ചെയ്തത് സി.പി.എം നേതാവാണെന്ന് കായംകുളം എം.എസ്.എം കോളജ് മാനേജർ ഹിലാൽ ബാബു പറഞ്ഞിരുന്നു. എന്നാൽ നേതാവിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല.