വിദ്യാര്‍ഥികള്‍ക്കും ടൂറിസ്റ്റുകള്‍ക്കും മയക്കുമരുന്ന് വില്‍പന നടത്തുന്ന യുവാവ് പിടിയില്‍ 

കൊച്ചി- പശ്ചിമ കൊച്ചിയിലെ കോളേജ്, സ്‌ക്കൂള്‍ വിദ്യാര്‍ഥികളെയും യുവാക്കളെയും ടൂറിസ്റ്റുകളെയും ലക്ഷ്യം വെച്ച് മയക്കു മരുന്ന് കച്ചവടം നടത്തി വന്നിരുന്ന യുവാവ് മട്ടാഞ്ചേരി പോലീസിന്റെ പിടിയില്‍. മട്ടാഞ്ചേരി കോമ്പാറമുക്കില്‍ എം. കെ. എസ് പറമ്പ് ഭാഗത്ത് 4/108ല്‍ അഫലാജ് കെ. ആര്‍ (22) ആണ് അറസ്റ്റിലായത്. 

മട്ടാഞ്ചേരി കോസ്റ്റ് ഗാര്‍ഡ് ഡിപ്പോയ്ക്ക് എതിര്‍ വശത്തെ വാടക വീട്ടില്‍ നിന്നാണ് 118 ഗ്രാം കഞ്ചാവുമായി അഫ്‌ലാജ് മട്ടാഞ്ചേരി പോലീസിന്റെ പിടിയിലായത്. മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മീഷ്ണര്‍ കെ. ആര്‍ മനോജിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മട്ടാഞ്ചേരി ഐ. എസ്. എച്ച്. ഒ തൃദീപ് ചന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. 

എസ്. ഐ ഹരിശങ്കര്‍, എസ്. സി. പി. ഒ ബേബിലാല്‍, പ്രവിണ്‍ പണിക്കര്‍, എഡ്വിന്‍ റോസ്, പ്രിന്‍സണ്‍ യേശുദാസ്, സി. പി. ഒ അനീഷ്, ഹൈനി മനീഷ്, ശാലിനി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ അഫ്‌ലാജിനെ റിമാന്റ് ചെയ്തു.

Latest News