Sorry, you need to enable JavaScript to visit this website.

ഇടുക്കിയിൽ നിന്ന് ചെന്നൈയിലേക്ക് ട്രെയിനിൽ പോകാം

ഇക്കഴിഞ്ഞ 15 ന് തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിലെ ബ്രോഡ്‌ഗേജ് പാതയിലൂടെ തീവണ്ടി ചലിച്ചപ്പോൾ പ്രതീക്ഷയുടെ ചൂളം വിളിയുണ്ടായത് ഇടുക്കിയുടെ മനസ്സിലാണ്. ഇതുവരെ റെയിൽ ഭൂപടത്തിൽ ഇടംപിടിക്കാത്ത കേരളത്തിലെ ഇടുക്കിയുടെ കുതിപ്പിന് അയൽസംസ്ഥാനത്തെ തീവണ്ടി പാത ഗതിവേഗം പകരും.  
ജില്ല അതിർത്തിയായ ബോഡിമെട്ടിൽ നിന്ന് 27 കി.മീ അകലെയാണ് ബോഡിനായ്ക്കന്നൂർ സ്റ്റേഷൻ. മീറ്റർ ഗേജ് റെയിൽപാത ബ്രോഡ് ഗേജാക്കി മാറ്റുന്നതിനായി 2010 ൽ ഇതുവഴി ട്രെയിൻ ഗതാഗതം നിർത്തിവെച്ചിരുന്നു. നവീകരണം പൂർത്തിയാക്കി 13 വർഷത്തെ ഇടവേളക്ക് ശേഷമാണ് ഈ പാതയിലൂടെ ട്രെയിൻ സർവീസ് പുനരാരംഭിച്ചത്. മധുരക്കും തേനിക്കും ഇടയിലുള്ള 75 കിലോമീറ്ററിന്റെ ആദ്യഘട്ടം പൂർത്തിയാക്കി കഴിഞ്ഞ വർഷം മെയ് 26 നു പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഈ റൂട്ടിൽ ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്തത്. ബോഡിനായ്ക്കന്നൂരിൽ നിന്നുളള സർവീസ്  കേന്ദ്ര മന്ത്രി എൽ. മുരുകൻ ഫ്ലാഗ് ഓഫ് ചെയ്തു. 
ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ നിന്ന് മധുര വഴി ബോഡിനായ്ക്കന്നൂരിലേക്ക് ആഴ്ചയിൽ മൂന്നു ദിവസം സർവീസ് നടത്തും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ചെന്നൈയിൽ നിന്ന് രാത്രി 10.30 നു പുറപ്പെടുന്ന ട്രെയിൻ പിറ്റേന്നു രാവിലെ 9.35 നു ബോഡിനായ്ക്കന്നൂരിലെത്തും. ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ രാത്രി 8.30 നു ബോഡിയിൽ നിന്നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 7.55 നു ചെന്നൈയിലെത്തും.
ഇടുക്കിക്കാരെ കൂടാതെ വിനോദ സഞ്ചാരികൾക്കും ശബരിമല തീർഥാടകർക്കും ഈ പാത ഏറെ ഉപകാരപ്പെടും. ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ ചെന്നൈക്ക് പോകാനുള്ള ചെലവും സമയവും കുറയും. 
ടൂറിസം, വ്യാപാര മേഖലകൾക്കും ഗുണകരമാകും. മധുര- തേനി-ബോഡി റൂട്ടിൽ 90 കിലോമീറ്റർ ദൈർഘ്യത്തിലാണ് ബ്രോഡ്‌ഗേജ് പാത നിർമിച്ചിരിക്കുന്നത്. 
ഇടുക്കിയോട് ചേർന്നുകിടക്കുന്ന പട്ടണത്തിൽ റെയിൽവേ എത്തിയതോടെ ഹൈറേഞ്ചിൽ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ നീക്കവും വേഗത്തിലാകും. നിലവിൽ കോട്ടയത്ത് എത്തിച്ചാണ് വടക്കേ ഇന്ത്യയിലേക്ക് സാധനങ്ങൾ അയക്കുന്നത്. ഇതിനായി വിവിധയിടങ്ങളിൽ നിന്ന് 100 ൽ അധികം കി.മീ സഞ്ചരിക്കേണ്ടതുണ്ട്. ഈ ദൂരം കുറയുന്നതിനൊപ്പം പാതി സമയം മാത്രമെടുത്ത് സാധനങ്ങൾ എത്തിക്കാനാകും. ഒരു കി.ഗ്രാം എലയ്ക്ക ഇത്തരത്തിൽ അവിടെ എത്തിക്കാനായി 10 മുതൽ 12 രൂപ ചെലവാകുന്ന സമയത്ത് ഇനി അതിനായി 5 മുതൽ 7 രൂപ മുടക്കിയാൽ മതി. ഇതുവഴി കർഷകർക്കും ഏറെ ലാഭം ലഭിക്കും.
വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന സഞ്ചാരികൾക്ക് ചെന്നൈ, മധുര, തേനി വഴി ബോഡിനായ്ക്കന്നൂരിലും അവിടെ നിന്ന് എളുപ്പത്തിൽ മൂന്നാർ, തേക്കടി ഉൾപ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലുമെത്താം. 
തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന  സംസ്ഥാനങ്ങളിൽ നിന്നുള്ള ശബരിമല തീർഥാടകർക്കും ഗുണംചെയ്യും. 
മധുര, വേളാങ്കണ്ണി, രാമേശ്വരം, പഴനി, തിരുപ്പതി  തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രയും എളുപ്പമാകും. തേനി മെഡിക്കൽ കോളേജിലേക്ക് എത്താനുള്ള പ്രധാന വഴിയും ഇതാകും.

Latest News