Sorry, you need to enable JavaScript to visit this website.

കേരളത്തിൽ കുതിച്ചു പായാൻ വന്ദേ മെട്രോ വരവായി

ഇന്ത്യൻ റെയിൽവേ ഹ്രസ്വദൂര റൂട്ടുകളെ ബന്ധിപ്പിച്ച് ആരംഭിക്കുന്ന വന്ദേ മെട്രോ സർവീസുകൾക്കായി കേരളത്തിൽ 10 റൂട്ടുകൾ പരിഗണനയിൽ.  പൂർണമായും ശീതീകരിച്ച 12 കോച്ചുകളാണ് വന്ദേ മെട്രോ ട്രെയിനിൽ ഉണ്ടാകുക. 130 കിലോമീറ്ററായിരിക്കും വന്ദേ മെട്രോ ട്രെയിനിന് അനുവദിക്കുന്ന പരമാവധി വേഗം. ആദ്യ വന്ദേ മെട്രോ ട്രെയിൻ റേക്ക് ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്ന് നവംബറിൽ പുറത്തിറക്കും. വന്ദേ ഭാരത് ട്രെയിനിന് പിന്നാലെ ഹ്രസ്വദൂര റൂട്ടുകളെ ബന്ധിപ്പിക്കുന്ന വന്ദേ മെട്രോ സർവീസുകളാണ് കേരളത്തിലെത്തുന്നത്.  തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ നിന്ന് അഞ്ച് വീതം റൂട്ടുകളാണ് പരിഗണിക്കുന്നത് . എറണാകുളം-കോഴിക്കോട്, കോഴിക്കോട്-പാലക്കാട്, പാലക്കാട്-കോട്ടയം, എറണാകുളം-കോയമ്പത്തൂർ, തിരുവനന്തപുരം-എറണാകുളം, കൊല്ലം-തിരുനെൽവേലി, കൊല്ലം-തൃശൂർ, മംഗളൂരു- കോഴിക്കോട്, നിലമ്പൂർ-മേട്ടുപ്പാളയം എന്നിവയാണ് പരിഗണനയിൽ ഉള്ളത്. എന്നാൽ ദക്ഷിണ റെയിൽവേയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം.
വന്ദേ മെട്രോ ട്രെയിനുകളുടെ ദൂരപരിധി 200 കിലോ മീറ്ററാണ്. പാസഞ്ചർ ട്രെയിനുകൾക്കുള്ള എല്ലാ സ്റ്റോപ്പുകളിലും വന്ദേ മെട്രോ ട്രെയിനുകൾക്ക് സ്റ്റോപ്പ് ഉണ്ടാകില്ല. മുമ്പ് അവതരിപ്പിച്ച വന്ദേ ഭാരത് എക്സ്പ്രസിന്റെ മിനി പതിപ്പായാണ് വന്ദേ മെട്രോ ട്രെയിനുകൾ നിർമിക്കുന്നത്. വന്ദേ ഭാരതിന് സമാനമായി, അത്യാധുനിക സൗകര്യങ്ങളോടെയാണ് വന്ദേ മെട്രോയും പുറത്തിറക്കുക. വന്ദേമെട്രോ യാത്രക്കാർക്ക് സുഖപ്രദമായ യാത്രയാണ് വാഗ്ദാനം ചെയ്യുന്നത്. ഓട്ടോമേറ്റഡ് വാതിലുകൾ ഉണ്ടായിരിക്കും. 
പൂർണമായും ശീതീകരിച്ച 12 കോച്ചുകളാണ് വന്ദേ മെട്രോ ട്രെയിനിൽ ഉണ്ടാവുക. കേരളത്തിലെ വന്ദേഭാരത് പ്രധാനമന്ത്രി ഏപ്രിൽ 25 നാണ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യയിലെ ആദ്യത്തെ അതിവേഗ ട്രെയിനാണ് വന്ദേഭാരത്. ഇന്റലിജന്റ് ബ്രേക്കിംഗ് സിസ്റ്റം, ഓട്ടോമാറ്റിക് ഡോറുകൾ, ജി.പി.എസ് അടിസ്ഥാനമാക്കിയുള്ള യാത്രക്കാരുടെ വിവരങ്ങൾ, ഓൺബോർഡ് ഇന്റർനെറ്റ് തുടങ്ങിയവയാണ് വന്ദേ ഭാരതിന്റെ സവിശേഷതകൾ. കേരളത്തിൽ വലിയ സ്വീകാര്യതയാണ് വന്ദേഭാരതിന് ലഭിച്ചത്. 
തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന വന്ദേഭാരത് എട്ട് മണിക്കൂർ അഞ്ച് മിനിറ്റ് കൊണ്ട് കാസർകോട്ട് എത്തും. തിരുവനന്തപുരം കാസർകോട് ചെയർകാറിന് 1590 രൂപയാണ്, എക്‌സിക്യൂട്ടീവ് കോച്ചിന് 2880 രൂപയാണ് നിരക്ക് വരുന്നത്. 
കേരളത്തിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് തുടക്കത്തിൽ തന്നെ ഹിറ്റായിരുന്നു. ദിവസങ്ങൾ കൊണ്ട് തന്നെ റെക്കോർഡ് വരുമാനമാണ് വന്ദേ ഭാരത് സ്വന്തമാക്കിയത്. സർവീസ് തുടങ്ങി ആറ് ദിവസം കൊണ്ട് തന്നെ ടിക്കറ്റ് ഇനത്തിൽ 2.7 കോടി രൂപ ലഭിച്ചിരുന്നു. ട്രെയിനിൽ 1024 ചെയർകാർ സീറ്റുകളും 104 എക്‌സിക്യൂട്ടീവ് ക്ലാസ് സീറ്റുകളുമാണ് ഉള്ളത്. പലപ്പോഴും നിരക്ക് കൂടിയ എക്‌സിക്യൂട്ടീവ് ക്ലാസാണ് ആദ്യം നിറയുന്നത്. വരുന്ന ബുധനാഴ്ച തിരുവനന്തപുരം-കാസർകോട് ട്രെയിനിന് കോട്ടയം, എറണാകുളം സ്‌റ്റേഷനുകളിൽ നിന്ന് വടക്കൻ കേരളത്തിലേക്ക് ചെയർ കാറിലേ സീറ്റൊഴിവുള്ളൂ. 
മിക്ക സമയത്തും ഇതു തന്നെയാണ് അവസ്ഥ. ഇതെല്ലാം കണക്കിലെടുത്താണ് കേരളത്തിന് വന്ദേ മെട്രോ ഉടൻ അനുവദിക്കാൻ നീക്കം നടക്കുന്നത്. 

Latest News