Sorry, you need to enable JavaScript to visit this website.

വേൾഡ് എക്സോപക്ക് റിയാദ് സജ്ജം; പാരീസിലെ ചടങ്ങിൽ കിരീടാവകാശി സംബന്ധിച്ചു

പാരീസ്- 2030 വേൾഡ് എക്സ്പോക്ക് ആതിഥേയത്വം വഹിക്കാനുള്ള സുസജ്ജത വ്യക്തമാക്കി സൗദി അറേബ്യ. എക്സ്പോക്ക് ആതിഥേയത്വം വഹിക്കാൻ റിയാദിനെ നാമനിർദേശം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പാരീസിൽ സംഘടിപ്പിച്ച ഔദ്യോഗിക സ്വീകരണ ചടങ്ങിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയും റിയാദ് റോയൽ കമ്മീഷൻ ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പങ്കെടുത്തു. 
വേൾഡ് എക്സ്പോ സംഘാടന ചുമതലയുള്ള ബ്യൂറോ ഇന്റർനാഷണൽ ഡെസ് എക്സ്പോസിഷൻസിലെ 179 അംഗ രാജ്യങ്ങളുടെ പ്രതിനിധികൾക്കു വേണ്ടി റിയാദ് റോയൽ കമ്മീഷനാണ് ഔദ്യോഗിക സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചത്. അഭൂതപൂർമായ ദേശീയ പരിവർത്തനത്തിന്റെ കഥ ലോകത്തെ മറ്റു രാജ്യങ്ങളുമായും ജനങ്ങളുമായും പങ്കിടാനുള്ള അവസരമായാണ് റിയാദ് എക്സ്പോ 2030 നെ സൗദി അറേബ്യ കാണുന്നത്. 
2030 റിയാദ് എക്സ്പോ സംഘാടന ചുമതല നേടിയെടുക്കാനുള്ള നാമനിർദേശ നടപടിക്രമങ്ങളുടെ ഭാഗമായാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. എക്സ്പോ സംഘടിപ്പിക്കാനുള്ള തലസ്ഥാന നഗരിയുടെ സുസജ്ജത, പദ്ധതികൾ, പ്ലാനുകൾ, സാംസ്കാരിക-ചരിത്ര-പൈതൃക ആഴങ്ങൾ എന്നിവ പരിചയപ്പെടുത്താനാണ് സ്വീകരണ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഈ വർഷം നവംബറിൽ നടക്കുന്ന ബ്യൂറോ ഇന്റർനാഷണൽ ഡെസ് എക്സ്പോസിഷൻസ് ജനറൽ അസംബ്ലി യോഗത്തിൽ വെച്ച് 2030 എക്സ്പോ ആതിഥേയത്വ ചുമതല നൽകുന്ന നഗരത്തെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കും. ഇതിന് മുന്നോടിയായാണ് ബ്യൂറോ ഇന്റർനാഷണൽ ഡെസ് എക്സ്പോസിഷൻസിലെ 179 അംഗ രാജ്യങ്ങളുടെ പ്രതിനിധികൾക്കു വേണ്ടി റിയാദ് റോയൽ കമ്മീഷൻ പാരീസിൽ സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചത്. സൗദി അറേബ്യക്കു പുറമെ ഇറ്റലിയും ദക്ഷിണ കൊറിയയും ഉകൈ്രനും 2030 എക്സ്പോ ആതിഥേയത്വ ചുമതല നേടിയെടുക്കാൻ മത്സരിക്കുന്നുണ്ട്. 
സ്വീകരണ ചടങ്ങിനിടെ ബ്യൂറോ ഇന്റർനാഷണൽ ഡെസ് എക്സ്പോസിഷൻസ് സെക്രട്ടറി ജനറൽ ദിമിത്രി കെർകെൻട്സെസുമായും സൗദി കിരീടാവകാശി പ്രത്യേകം ചർച്ച നടത്തി 2030 എക്സ്പോക്ക് ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ പദ്ധതികൾ വിശദീകരിച്ചു. വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ, സഹമന്ത്രിയും റിയാദ് റോയൽ കമ്മീഷൻ സി.ഇ.ഒയുമായ എൻജിനീയർ ഇബ്രാഹിം അൽസുൽത്താൻ, ഫ്രാൻസിലെ സൗദി അംബാസഡർ ഫഹദ് അൽറുവൈലി എന്നിവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
2030 വേൾഡ് എക്സ്പോ ആതിഥേയത്വ ചുമതല നേടിയെടുക്കാൻ പ്രവർത്തിക്കുന്ന സൗദി സംഘവുമായും കിരീടാവകാശി പിന്നീട് കൂടിക്കാഴ്ച നടത്തി. 

Latest News