Sorry, you need to enable JavaScript to visit this website.

സാക്കിര്‍ നായിക്ക് മലേഷ്യന്‍ പ്രധാനമന്ത്രിയെ കണ്ടു

ക്വാലലംപൂര്‍- ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ അറസ്റ്റ് ചെയ്യാന്‍ കാത്തിരിക്കുന്ന ഇസ്ലാം പ്രബോധകന്‍ സാക്കിര്‍ നായിക്ക് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദിനെ സന്ദര്‍ശിച്ചു. നായിക്കിനെ ഇന്ത്യയിലേക്കു തിരിച്ചയക്കുമെന്ന റിപ്പോര്‍ട്ടുകളെ കഴിഞ്ഞ ദിവസം മഹാതീര്‍ തള്ളിയിരുന്നു. ഇതിനു തൊട്ടുപിറകെയാണ് നായിക്ക് പ്രധാനമന്ത്രി മഹാതീറുമായി കൂടിക്കാഴ്ച നടത്തിയതെന്ന് ഫ്രീ മലേഷ്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഞായറാഴ്ച രാവിലെയാണ് സൗഹൃദ സന്ദര്‍ശനത്തിന് നായിക്ക് എത്തിയതെന്ന് ഉന്നത വൃത്തങ്ങള്‍ പറയുന്നു. ഇരുവരും തമ്മില്‍ നടന്ന ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പുറത്തു വന്നിട്ടില്ല. 

നായിക്കിന് മലേഷ്യയില്‍ സ്ഥിരതാമസാനുമതി ഉള്ളതിനാല്‍ അദ്ദേഹത്തെ നാടുകടത്തുകയില്ലെന്ന് മഹാതീര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മലേഷ്യയിലെ നിയമങ്ങള്‍ ലംഘിക്കാത്തിടത്തോളം അദ്ദേഹത്തിനു ഇവിടെ കഴിയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മലേഷ്യന്‍ സര്‍ക്കാര്‍ സാക്കിര്‍ നായിക്കിനെ ഉടന്‍ ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്ന ഇന്ത്യയിലെ മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. മലേഷ്യയിലെ മുന്‍ സര്‍ക്കാരിന്റെ കാലത്താണ് നായിക്ക് ഇവിടെ അഭയം തേടി എത്തിയത്. എന്നാല്‍ മഹാതീര്‍ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നായിക്കിന്റെ വിഷയത്തില്‍ മലേഷ്യയുടെ നിലപാട് എന്തായിരിക്കുമെന്നതു സംബന്ധിച്ച ഊഹാപോഹങ്ങളാണ് നാടുകടത്തല്‍ വാര്‍ത്തകള്‍ക്കു പിന്നില്‍. എന്നാല്‍ സര്‍ക്കാര്‍ നിലപാട് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയതോടെ ഊഹാപോഹങ്ങള്‍ക്ക് അന്ത്യമായിരിക്കുകയാണ്.

ചൈനീസ് സര്‍ക്കാരിന്റെ ഭരണകൂട പീഡനങ്ങളില്‍ നിന്ന് രക്ഷ തേടിയെത്തിയ ഉയിഗൂര്‍ മു്സ്ലിംകളെ തിരിച്ചയക്കുന്നതിനു തുല്യമാണ് നായിക്കിനെ നാടുകടത്തുന്നതെന്നും ഭരണകക്ഷിയിലെ ഒരു പ്രധാനി സര്‍ക്കാരിന്റെ നിലപാടിനെ പിന്തുണച്ചുകൊണ്ട് അഭിപ്രായപ്പെട്ടിരുന്നു.  


 

Latest News