ഗസ- ജെനിനിലുള്ള അഭയാര്‍ഥി ക്യാമ്പിന് നേരെ ഇസ്രായേല്‍ സൈനിക ആക്രമണം. അഞ്ചു പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 15 വയസ്സുകാരനും ഉള്‍പ്പെടും. ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള വ്യോമാക്രമണത്തില്‍ 91 പേര്‍ക്ക് പരിക്കേറ്റതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
രണ്ടു പ്രതികളെ അറസ്റ്റ് ചെയ്യാനാണ് ഫലസ്തീനിലെ അഭയാര്‍ഥി ക്യാമ്പില്‍ റെയ്ഡ് നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു. എന്നാല്‍ തങ്ങളുടെ സൈനികര്‍ക്ക് നേരെ ആദ്യം വെടിവെയ്പ് ഉണ്ടായെന്നും അത് ഏറ്റുമുട്ടലിലേക്ക് നയിച്ചതായും ഇസ്രായേല്‍ സൈന്യം ആരോപിച്ചു.
ജെനിനിലെ തോക്കു ധാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുവാന്‍ ഹെലികോപ്ടറുകള്‍ ഉപയോഗിച്ചതായി ഇസ്രായേല്‍ സൈനിക വക്താക്കളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡ്രോണുകളും അപ്പാച്ചെ ഹെലികോപ്ടറുകളും ഉപയോഗിച്ച് വലിയ സ്‌ഫോടനങ്ങളും നടത്തിയിട്ടുണ്ട്.
ഈ മേഖലയില്‍ ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ സൈനിക ആക്രമണമാണ് ഇതെന്ന് അഭിഭാഷകനും മനുഷ്യാവകാശ കമ്മീഷനിലെ ഫീല്‍ഡ് ഗവേഷകനുമായ മുഹമ്മദ് കമാന്‍ജി പറഞ്ഞു. പാരാമെഡിക്കുകള്‍ക്കെതിരെയും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേയും ഇസ്രായേല്‍ അധിനിവേശ സേന കടുത്ത അവകാശ ലംഘനങ്ങള്‍ നടത്തുകയാണെന്നും മുഹമ്മദ് കമാന്‍ജിയെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.