മുംബൈ- മണിപ്പൂര്‍ സംഘര്‍ഷങ്ങളില്‍ മൗനം പാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്കന്‍ സന്ദര്‍ശനത്തിലാണെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. മണിപ്പൂരില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ ശ്രദ്ധിക്കാതെ പ്രധാനമന്ത്രി വിദേശ സന്ദര്‍ശനം നടത്തുകയാണ്. മുംബൈയില്‍ പാര്‍ട്ടി ഭാരവാഹികളുടെ പ്ലീനറി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണിപ്പൂര്‍ കത്തിക്കൊണ്ടിരിക്കുമ്പോള്‍ നമ്മുടെ പ്രധാനമന്ത്രി പണമടച്ച പ്രേക്ഷകര്‍ക്ക് പ്രഭാഷണം നടത്താന്‍ അമേരിക്കയിലേക്ക് പോകുകയാണ്. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ അമിത് ഷാ പരാജയമാണെന്നും താക്കറേ പറഞ്ഞു. മണിപ്പൂരില്‍ സമാധാനം കൊണ്ടുവരാന്‍ അദ്ദേഹത്തിനായില്ല. അവരുടെ ഇ. ഡിയെയും സി. ബി. ഐയേയും മണിപ്പൂരിലേക്കയക്കാന്‍ താന്‍ ആവശ്യപ്പെടുന്നതായും ഒരുപക്ഷേ അവര്‍ക്ക് രക്ഷിക്കാന്‍ സാധിച്ചാലോ എന്നും താക്കറേ പറഞ്ഞു.
റഷ്യ- യുക്രെയ്ന്‍ യുദ്ധം നരേന്ദ്ര മോഡി അവസാനിപ്പിച്ചിട്ടുണ്ടെന്ന് അവകാശവാദങ്ങളുണ്ടെന്നും അതുകൊണ്ട് മണിപ്പൂര്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. മോഡി മണിപ്പൂരിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട താക്കറേ അങ്ങനെയെങ്കില്‍ അദ്ദേഹത്തിന്റെ അവകാശവാദങ്ങള്‍ വിശ്വസിക്കാമെന്നും പറഞ്ഞു.