എയര്‍ ഇന്ത്യയെ കടത്തിവെട്ടി ഇന്‍ഡിഗോ; 500 വിമാനങ്ങള്‍ക്ക് എയര്‍ബസിന് ഓര്‍ഡര്‍

ന്യൂദല്‍ഹി- എയര്‍ബസിന് 500 വിമാനങ്ങളുടെ ഓര്‍ഡര്‍ നല്‍കി ഇന്‍ഡിഗോ. അടുത്തിടെ എയര്‍ ഇന്ത്യ ബോയിംഗിന് നല്‍കിയ 470 വിമാനങ്ങളുടെ ഓര്‍ഡറുകളുടെ റെക്കോര്‍ഡാണ് ഇന്‍ഡിഗോ തകര്‍ത്തത്. വ്യോമയാന ചരിത്രത്തിലെ റെക്കോര്‍ഡാണിത്. 

വിമാന യാത്രക്കാര്‍ വര്‍ധിക്കുന്നത് ഉപയോഗപ്പെടുത്താന്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ ലക്ഷ്യമിട്ടാണ് ഇന്‍ഡിഗോയുടെ നീക്കം. പാരീസ് എയര്‍ ഷോയില്‍ ഇന്‍ഡിഗോ ബോര്‍ഡ് ചെയര്‍മാന്‍ വി. സുമന്ത്രന്‍, ഇന്‍ഡിഗോ സി. ഇ. ഒ. പീറ്റര്‍ എല്‍ബേഴ്സ്, എയര്‍ബസ് സി. ഇ. ഒ. ഗില്ലൂം ഫൗറി, എയര്‍ബസിന്റെ ചീഫ് കൊമേഴ്സ്യല്‍ ഓഫീസറും ഇന്റര്‍നാഷണല്‍ മേധാവിയുമായ ക്രിസ്റ്റ്യന്‍ ഷെറര്‍  എന്നിവരുടെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പിട്ടത്. 

500 എ320 എയര്‍ക്രാഫ്റ്റുകള്‍ക്കായുള്ള ഓര്‍ഡര്‍ വാണിജ്യ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ പര്‍ച്ചേസ് കരാറിന്റെ റെക്കോര്‍ഡ് സ്ഥാപിച്ചുവെന്നാണ് എയര്‍ബസ് പ്രസ്താവനയില്‍ പറഞ്ഞത്. 

മുന്നൂറിലധികം വിമാനങ്ങളുള്ള ഇന്‍ഡിഗോ നിലവില്‍ 78 ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളെയും 20-ലധികം അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്നുണ്ട്.

Latest News