തിരുവനന്തപുരം: ബികോം ജയിക്കാത്ത എസ്.എഫ്.ഐ നേതാവിന് എം.കോം പ്രവേശനം നേടിയ സംഭവത്തില്‍ നുണകള്‍ പൊളിഞ്ഞതോടെ നാണംകെട്ട് എസ്.എഫ്.ഐ. ഇന്നലെ ഉച്ചവരെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.അര്‍ഷോ അവകാശപ്പെട്ട യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റുകള്‍ വൈകിട്ടോടെ വ്യാജമെന്ന് തെളിഞ്ഞു. കായംകുളം എം.എസ്.എം കോളേജില്‍ എംകോമിന് പ്രവേശനം നേടിയ നിഖില്‍തോമസ് ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് തങ്ങളുടേതല്ലെന്ന് കലിംഗ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍. പോലീസില്‍ പരാതി നല്‍കുമെന്ന് കേരളയൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍. ഗത്യന്തരമില്ലാതെ നിഖില്‍തോമസിനെ സസ്‌പെന്റ് ചെയ്ത് കായംകുളം എംഎസ്എം കോളേജ്.
നിഖില്‍ ഹാജരാക്കിയ ബിരുദ സര്‍ട്ടിഫിക്കറ്റെല്ലാം തങ്ങള്‍ പരിശോധിച്ചെന്നും എല്ലാം ഒറിജിനലാണെന്നുമാണ് രാവിലെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടത്. നിഖില്‍ കലിംഗ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചതും പാസായതും രേഖകളില്‍ വ്യക്തമാണെന്നും എല്ലാം പരിശോധിച്ച് നിഖിലിന്റേത് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റാണെന്ന് ഉറപ്പാക്കിയെന്നും ആര്‍ഷോ അവകാശപ്പെട്ടു. എന്നാല്‍ ഉച്ചയോടെ നിഖിലിന്റെ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കേരളയൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.മോഹനന്‍ കുന്നുമ്മല്‍ സംശയം ഉന്നയിച്ചു.
2018 മുതല്‍ 2021 വരെ നിഖില്‍ മൂന്നു വര്‍ഷവും കേരള സര്‍വകലാശാലയില്‍ തന്നെയാണ് പഠിച്ചതെന്നും 75 ശതമാനം ഹാജരുണ്ടെന്നും വിസി പറഞ്ഞു. പിന്നെ നിഖിലിന് എങ്ങനെയാണ് കലിംഗ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്. സര്‍ട്ടിഫിക്കറ്റ് വ്യാജമാകാനാണ് സാധ്യതയെന്നും വിസിപറഞ്ഞു. കലിംഗ യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട് സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത പരിശോധിക്കുമെന്നും വ്യാജമെങ്കില്‍ നിയമനടപിടി സ്വീകരിക്കുമെന്നും വിസി പറഞ്ഞു. പിന്നാലെ നിഖിലിന്റെ കലിംഗ സര്‍വകലാശാലയിലെ സര്‍ട്ടിഫിക്കറ്റുകള്‍ എസ്എഫ്‌ഐതന്നെ പുറത്തുവിട്ടു.
ഇതോടെ നിഖില്‍തോമസ് ബികോമിന് പഠിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കലിംഗ രജിസ്ട്രാര്‍ സന്ദീപ് ഗാന്ധി രംഗത്ത് എത്തി. വാര്‍ത്ത ശ്രദ്ധയില്‍ പെട്ടപ്പോള്‍ കാര്യങ്ങള്‍ പരിശോധിച്ചുവെന്നും അങ്ങനെയൊരു പേരുപോലും രജിസ്റ്ററില്‍ ഇല്ലെന്നും നിയമ നടപടി സ്വീകരിക്കുമെന്നും കലിംഗ രജിസ്ട്രാര്‍ വ്യക്തമാക്കി. ഇതോടെ വ്യാജസര്‍ട്ടിഫിക്കറ്റിന് പോലീസില്‍ പരാതി നല്‍കുമെന്ന് കേരള വിസി മോഹനന്‍ കുന്നുമ്മലും വ്യക്തമാക്കി. കോളേജിന് വീഴ്ച പറ്റിയെന്നും ഷോക്കോസ് നോട്ടീസ് നല്‍കുമെന്നും പറഞ്ഞു.
ഇതോടെ എസ്.എഫ്.ഐയുടെ നുണകളെല്ലാം പൊളിഞ്ഞു. രാവിലെ പറഞ്ഞതിനെ മുഴുവന്‍ ന്യായീകരിക്കാനുള്ള ശ്രമവുമായി അര്‍ഷോ തന്നെ രംഗത്ത് എത്തി. എസ്.എഫ്.ഐയുടെ ബോധ്യത്തിലാണ് സര്‍ട്ടിഫിക്കറ്റ് യഥാര്‍ഥ്യമെന്ന് പറഞ്ഞതെന്നായി അര്‍ഷോ. കലിംഗപോലുള്ള സര്‍വ്വകലാശാലകളും മാഫിയകളുമാണ് വ്യാജസര്‍ട്ടിഫിക്കറ്റിന് പിന്നിലെന്നും കേരള സര്‍വ്വകലാശാല നല്‍കിയ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റിലാണ് പ്രവേശനം നേടിയതെന്നും അര്‍ഷോ മലക്കം മറഞ്ഞു. കേരള വിസിയുടെ രാഷ്ട്രീയം അടക്കം ഉയര്‍ത്തി ന്യായീകരിക്കാനുള്ള പാഴ്ശ്രമവും നടത്തി.
കോളേജിനെതിരെ നടപടി വരുമെന്ന് വ്യക്തമായതോടെ വൈകിട്ട് നിഖിലിനെ സസ്‌പെന്റ് ചെയ്തുവെന്ന് എംഎസ്എം കോളേജ് അധികൃതര്‍ അറിയിച്ചു. വ്യാജ സര്‍ട്ടിഫിക്കറ്റിനെതിരെ പരാതി നല്‍കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ആറംഗ സമിതിയെ നിയോഗിച്ചുവെന്നും രണ്ടുദിവസത്തിനകം റിപ്പോര്‍ട്ട് ലഭിക്കുമെന്നും വ്യക്തമാക്കി. എന്നാല്‍ ബികോം തോറ്റ വിദ്യാര്‍ത്ഥിക്ക് എങ്ങനെ എംകോമിന് പ്രവേശനം നല്‍കുമെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാതെ കോളേജ് അധികൃതര്‍ ഒഴിഞ്ഞുമാറി. നിയമനടപടിയിലേക്ക് പോകുന്നതോടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ വ്യാജരേഖ ചമയ്ക്കലില്‍ എസ്എഫ്‌ഐക്കെതിരെ മൂന്നാമത്തെ കേസാണ് ഉയരുന്നത്.