കൊച്ചി- യുക്തിസഹമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഓഹരി വിപണികളിൽ നിക്ഷേപകർക്ക് സുരക്ഷിതമായി നിക്ഷേപിക്കാനും മികച്ച ലാഭവിഹിതം നേടാനും വഴികാട്ടിയാകുന്ന ആപ്പുമായി കെഎസ് യുഎമ്മിനു കീഴിലുള്ള അൽഗോരിതം ഡിജിടെക് പ്രൈവറ്റ് ലിമിറ്റഡ് സ്റ്റാർട്ടപ്പ്.
സ്മാർട്ട് ബാസ്‌കറ്റ് എഐ എന്ന പേരിൽ നിർമിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ഫിൻടെക് ആപ് ഗൂഗിൾ പ്ലെ സ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമാണ്.
ഗൂഗിൾ പ്ലേ സ്റ്റോറിന്റെ മുൻ മേധാവിയും റേസർപേയുടെ മുൻ ഡയറക്ടറുമായ കാനൻ റായാണ് ആപ് പുറത്തിറക്കിയത്. നിക്ഷേപകർക്ക് ചെറിയ പരിശ്രമത്തിലൂടെ സാമ്പത്തിക സ്വാതന്ത്ര്യമുള്ള ജീവിതം നയിക്കാൻ സ്മാർട്ട് ബാസ്‌കറ്റ് എഐ ആപ് സഹായകമാകുമെന്ന് കാനൻ റായ് പറഞ്ഞു. മികച്ച നിക്ഷേപ അവസരങ്ങൾ തിരിച്ചറിയാനും അവ പ്രയോജനപ്പെടുത്താനും ഇതിലൂടെ സാധിക്കുമെന്നും അവർ പറഞ്ഞു.
വരുംവർഷങ്ങളിൽ അതിവേഗം വളരുന്നതിനൊപ്പം 'ഇനിഷ്യൽ പബ്ലിക് ഓഫർ' ലഭ്യമാക്കാനും അൽഗോരിതം ഡിജിടെക്കിനു കഴിയും. ഓഹരി വിപണിയിൽ താൽപര്യമുള്ളവർക്കും ചെറുകിട നിക്ഷേപകർക്കും നിർമിത ബുദ്ധിയുടെ സഹായത്തോടെ കൂടുതൽ എളുപ്പത്തിൽ നിക്ഷേപ സാധ്യതകൾ തുറന്നു കിട്ടാൻ ആപ് സഹായകമാകുമെന്നും കാനൻ റായ് പറഞ്ഞു.
ബാംഗ്ലൂർ ആസ്ഥാനമായി 2022 സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിച്ച അൽഗോരിതം ഡിജിടെക്കിനു പിന്നിൽ യുവ സംരംഭകരായ നിഖിൽ ധർമൻ, ടി.ആർ. ഷംസുദ്ദീൻ എന്നിവരാണ്.
ചെറുകിട നിക്ഷേപകരെ ഓഹരി വിപണികളിൽ സുരക്ഷിതമായി നിക്ഷേപിക്കാൻ സഹായിക്കുന്നതിലൂടെ അൽഗോരിതം ഡിജിടെക്ക് സാധാരണക്കാരുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിടുന്നു. സ്മാർട്ട് ബാസ്‌കറ്റ് എഐ ആപ് ചെറുകിട നിക്ഷേപകർക്കും ഓഹരി വിപണിയിലെ നിക്ഷേപങ്ങൾക്കും ഇടയിലുള്ള വിടവ് ഇല്ലാതാക്കും.