നടത്താനുദ്ദേശിച്ചതെല്ലാം നടത്തും കേട്ടോ

സിൽവർ ലൈൻ  തന്നെ നോക്കുക- എന്തൊരെതിർപ്പാണ് ഈ പദ്ധതിക്കെതിരെ ഉയർന്നത്. ഈ വിഷയത്തിലുൾപ്പെടെ  തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ തോൽക്കുക പോലും ചെയ്തു. എന്നിട്ടെന്തായി. ഈ  കാര്യത്തിൽ അരയിഞ്ച് മാറിയോ? ഇല്ലെന്ന് ഏറ്റവും പുതുതായി വന്ന പ്രഖ്യാപനം തെളിയിക്കുന്നു.

 

രണ്ടാം പിണറായി സർക്കാർ എന്തെല്ലാം കാര്യങ്ങളാണോ നടത്താനുദ്ദേശിച്ചത് അതെല്ലം നടത്തിയിരിക്കുമെന്ന് ഭരണ നേതൃത്വവും മുഖ്യ പാർട്ടിയുടെ നേതൃത്വവും ആവർത്തിക്കുകയാണ്. ഏറ്റവും അവസാനം സിൽവൻ ലൈൻ വേഗ റെയിലിന്റെ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രഖ്യാപനവും മാധ്യമങ്ങളുമായി ബന്ധപ്പെട്ട് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററുടെ നിലപാടുകളും ഇതിന് ഏറ്റവും വലിയ തെളിവായി. സിൽവർ ലൈൻ  പദ്ധതി ഉപേക്ഷിച്ചെന്ന് പരിഹസിക്കുന്നവരുടെ വാദങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പരിഹസിച്ചു തള്ളിക്കഴിഞ്ഞു. ആ പദ്ധതി നടപ്പാക്കുമെന്നല്ല നടത്തിയിരിക്കും കേട്ടോ എന്ന വാക്കുകൾ എതിരാളികളുടെ തലമണ്ടയിലേക്ക് പായുന്ന  അഗ്രം കൂർത്ത കല്ലുകളാണ്. ഉദ്ദേശിച്ച സ്ഥലത്ത് തറച്ചവിടെ കിടക്കും. കൊണ്ടവർ കിടന്ന് പുളയുന്നുണ്ടാകും.  കെ.കരുണാകരന്റെ മറ്റൊരു രൂപമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് എത്രയോ പേർ പറഞ്ഞു കഴിഞ്ഞു. കരുണാകരൻ ജനാധിപത്യ മര്യാദ എന്നൊക്കെ പറഞ്ഞ് ഇത്തിരി മയപ്പെടുമായിരുന്നു. പക്ഷേ നടത്താനുദ്ദേശിച്ചത് കൂൾ കൂളായി നടത്തിയെടുക്കുന്നത് കേരളം പലവട്ടം കണ്ടു. പിണറായി വിജയൻ അങ്ങനെയല്ല. ആർത്തലച്ചെത്തുന്ന എതിർപ്പാണ് അദ്ദേഹത്തിന് താൽപര്യമെന്ന് തോന്നുന്നു.  സിൽവർ ലൈൻ  തന്നെ നോക്കുക- എന്തൊരെതിർപ്പാണ് ഈ പദ്ധതിക്കെതിരെ ഉയർന്നത്. ഈ വിഷയത്തിലുൾപ്പെടെ  തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ തോൽക്കുക പോലും ചെയ്തു. എന്നിട്ടെന്തായി. ഈ  കാര്യത്തിൽ അരയിഞ്ച് മാറിയോ? ഇല്ലെന്ന് ഏറ്റവും പുതുതായി വന്ന പ്രഖ്യാപനം തെളിയിക്കുന്നു. ഇടവേളക്ക് ശേഷം തുടങ്ങിയ ടെലിവിഷൻ സംവാദ പരിപാടിയായ 'നാം മുന്നോട്ടിലാണ്'  മുഖ്യമന്ത്രി സിൽവർ ലൈൻ വീണ്ടും  ഉറച്ച ലക്ഷ്യത്തോടെ ചർച്ച വിഷയമാക്കിയത്. വന്ദേഭാരത് ട്രെയിൻ വന്നപ്പോൾ കേന്ദ്ര ഭരണ കക്ഷിയുടെ കാർമികത്വത്തിൽ നടന്ന ആവേശ കമ്മിറ്റി ആഘോഷങ്ങളെയും മുഖ്യമന്ത്രി തന്റെ വാദങ്ങൾക്ക് ശക്തി പകരാനായി സമർഥമായി ഉപയോഗിച്ചിരിക്കുന്നു.  നല്ല വേഗമുള്ള ട്രെയിൻ വേണമെന്ന ജനങ്ങളുടെ ആഗ്രഹമാണ് വന്ദേഭാരത് ട്രെയിനിനോട് കാണിച്ച താൽപര്യത്തിൽ നിന്ന് തെളിഞ്ഞു കാണുന്നതെന്ന് മുഖ്യമന്ത്രി നിരീക്ഷിക്കുന്നു. സിൽവർ ലൈനിനെ എതിർത്തവരുടെ മനസ്സിൽ പോലും ഇപ്പോൾ അതിവേഗ സിൽവർ ലൈൻ വണ്ടി ഓടുകയാണെന്നാണ് അദ്ദേഹം കാണുന്നത്. 
കേന്ദ്രമാണ് പദ്ധതിക്ക് അനുമതി നൽകേണ്ടത്. പദ്ധതി അടഞ്ഞ അധ്യായമാണോ എന്ന ചോദ്യത്തിന് അല്ല എന്ന മറുപടിയാണ് കേന്ദ്ര റെയിൽ മന്ത്രി നൽകിയതെന്ന കാര്യം പ്രതീക്ഷ നൽകുന്നതാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇന്നല്ലെങ്കിൽ നാളെ കേന്ദ്ര സർക്കാരിന് പദ്ധതിക്ക് അംഗീകാരം നൽകേണ്ടി വരുമെന്ന് മഖ്യമന്ത്രിക്ക് ഉറപ്പുണ്ട്. പ്രക്ഷോഭം കണ്ട് ഭയന്ന് പദ്ധതിയിൽ നിന്ന് പിന്മാറിയെന്ന് ആവേശം കൊള്ളുന്നവരൊക്കെ ഗോ റ്റുയർ ക്ലാസ്. 
സമാന സമീപനം തന്നെയാണ് മാധ്യമ പ്രവർത്തകർക്കെതിരായ നീക്കത്തിലും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരായ കേസുകളിലും സൗമ്യനെന്ന്  കരുതിയിരുന്ന പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററും  സ്വീകരിക്കുന്നത്. പാർട്ടി പോരാട്ടത്തിലാണെന്ന് ഗോവിന്ദൻ മാസ്റ്റർ മുതൽ താഴെ തട്ടിലുള്ള അനുയായികൾ ഉൾപ്പെടെ എല്ലാവർക്കും അറിയാം. പോരാട്ടത്തിനിടക്ക് പിന്നോട്ട് പോകില്ല. സഖാക്കളെ മുന്നോട്ട്, മുന്നോട്ട് തന്നെ- എതിരാളി വീഴുന്നതുവരെ പിന്നാലെ കൂടും. ദൗർബല്യം കണ്ടാൽ ആഞ്ഞാഞ്ഞ് ആക്രമിക്കും. ഏറ്റവും ഒടുവിൽ കെ. സുധാകരനെ കേരളത്തിൽ നടന്ന വലിയൊരു നാറ്റക്കേസിലാണ് പെടുത്താൻ നോക്കുന്നത് -പോക്‌സോ കേസിൽ ജീവിതാവസാനം വരെ ജയിൽ ശിക്ഷ കിട്ടിയ മോൻസൻ മാവുങ്കലുമായി സുധാകരനെ  ഏറ്റവും മോശമായ രീതിയിൽ ചേർത്തു കെട്ടുകയാണ്. ആരായാലും പേടിച്ചു പോകുന്ന കാര്യം. സുധാകരൻ പേടിച്ചു പിന്മാറുമോ?  ആരെടാ എന്ന സി.പി.എമ്മിന്റെ ഇരുട്ടിലും വെളിച്ചത്തിലുമുള്ള ചോദ്യങ്ങൾക്ക് ഞാനെടാ എന്ന് മാത്രം പറഞ്ഞ് ശീലിച്ചയാളാണ് സുധാകരൻ. ഇനിയെന്താകും എന്ന് ആർക്കറിയാം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പത്രക്കാരുമാണ്   വിരട്ടലിന്റെ മുനയിലുള്ള മറ്റുള്ളവർ. പത്രക്കാരുടെ വിഷയത്തിൽ 137 സാംസ്‌കാരിക നായകർ കഴിഞ്ഞ ദിവസം പ്രതികരിച്ചിട്ടുണ്ട്.   പ്രതികരിച്ചവരിൽ സി.പി.എം സഹയാത്രികരും പെടും. 'മാധ്യമ സ്വാതന്ത്ര്യം മാധ്യമ പ്രവർത്തകരുടെ സ്വാതന്ത്ര്യ പ്രശ്‌നം മാത്രമല്ല, അത് ജനാധിപത്യ സമൂഹത്തിന്റെയും ഭരണഘടനാപരമായ പൗരാവകാശത്തിന്റെയും അവിഭാജ്യ ഘടകമാണ്. അതുകൊണ്ടാണ് ഭരണഘടനയിൽ മാധ്യമ സ്വാതന്ത്ര്യം എന്ന് എടുത്തു പറയാഞ്ഞിട്ടും അത് അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പു വരുത്തുന്ന മൗലികാവകാശത്തിൽ ഉൾപ്പെട്ടതാണെന്നും മാധ്യമ പ്രവർത്തകരെ വാർത്തയുടെ ഉറവിടം വെളിപ്പെടുത്താൻ നിർബന്ധിക്കാനാവില്ലെന്നും സുപ്രീം കോടതി നിരവധി തവണ ഭരണഘടന വ്യാഖ്യാന വിധികളിലൂടെ വ്യക്തമാക്കിയത്. 

കേന്ദ്ര ഭരണാധികാരികൾ പ്രകടിപ്പിക്കുന്ന സമഗ്രാധിപത്യ പ്രവണതകളെ ഫലപ്രദമായി ചെറുക്കുന്നതിന് പൗരസമൂഹത്തെ അണിനിരത്താൻ ശ്രമിക്കുന്നതിനു പകരം അതേ പ്രവണതകളെ കേരളത്തിലും ശക്തിപ്പെടുത്തുന്ന നിലയിൽ സംസ്ഥാന ഭരണ നടത്തിപ്പുകാർ പ്രവർത്തിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. മാധ്യമ പ്രവർത്തകർക്കെതിരായ നടപടികളിൽ നിന്നും പോലീസിനെ പിന്മാറ്റാൻ കേരളീയ പൗരസമൂഹം ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു
-പ്രസ്താവനയിൽ പറയുന്നു.  പ്രസ്താവന ഇറക്കിയവരുടെ  ആഗ്രഹം കൊള്ളാം, പക്ഷേ ആരെതിർക്കും. കാത്തിരിക്കാം. 

വിമർശിക്കുന്നവരെ വേട്ടയാടാനും ജയിലിലടക്കാനും ശ്രമിക്കുന്ന ഭരണാധികാരികൾ ഭീരുക്കളാണെന്ന കടുത്ത വാക്കുകളുമായി  പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തുണ്ട്.  ആയിരം കൊല്ലം അടക്കി ഭരിക്കാൻ പദ്ധതിയൊരുക്കിയ ഹിറ്റ്‌ലർക്ക് കേവലം രണ്ട് ദശകങ്ങളേ തുടരാനായുള്ളൂ. ഏകാധിപതികളെയെല്ലാം ജനങ്ങൾ വലിച്ചെറിഞ്ഞ ചരിത്രമാണുള്ളതെന്ന് ചരിത്രം സാക്ഷി -സതീശൻ പറഞ്ഞു വെക്കുന്നുണ്ട്. സംസ്‌സാര സാഹിതിയുടെ ടാഗോർ പുരസ്‌കാരം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ  കഥാകൃത്ത് ടി. പത്മനാഭന് നൽകിയും പഠന ക്യാമ്പായ വിചാര സദസ്സ് ഉദ്ഘാടനം ചെയ്തും പ്രസംഗിക്കവേയാണ് പ്രതിപക്ഷ നേതാവ് സമകാല കേരളത്തെ അതിന്റെ സമഗ്രതയോടെ കൈകാര്യം ചെയ്തത്.   
 കേന്ദ്രവും കേരളവും ഭരിക്കുന്നത് ഭയമാണെന്ന്   കേരളത്തിന്റെ തലയെടുപ്പായ ടി. പത്മനാഭൻ തുറന്നു പറഞ്ഞതും ഇതേ വേദിയിൽ.  സംസ്‌കാര സാഹിതിയുടെ പ്രഥമ ടാഗോർ പുരസ്‌കാരം സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈ ഭയത്തിൽ നിന്നും മോചനം വേണമെന്ന് കോൺഗ്രസുകാരനായതിൽ അഭിമാനിക്കുന്ന 92 പിന്നിട്ട സാഹിത്യ കുലപതി പറയുന്നു.  കേരളത്തിൽ ജീവിക്കാൻ പേടിയാവുന്നു എന്ന് ആറ് വർഷങ്ങൾക്ക് മുമ്പ് പറഞ്ഞത് കൽപറ്റ നാരായണനായിരുന്നു. ഇപ്പോഴിതാ കേരളത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന എഴുത്താകാരനും അത് പറയുന്നു. അതെ, മഹാ കൂരിരുട്ട് നിറഞ്ഞ തുരങ്കത്തിന്റെ അങ്ങെ തലക്കലെവിടെയോ വെളിച്ചം തെളിയുകയാണോ?

Latest News