തിരുവനന്തപുരം- വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസ് മൂന്ന് വര്‍ഷവും കേരള സര്‍വകലാശാലയില്‍ തന്നെയാണ് പഠിച്ചതെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍. 75 ശതമാനം ഹാജരുള്ള നിഖില്‍ എങ്ങനെയാണ് കലിംഗ യൂണിവേഴ്സിറ്റിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയതെന്നും ഇത് വ്യാജമാകാനാണ് സാധ്യതയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തില്‍ എം.എസ്.എം. കോളേജിന് ഗുരുതര വീഴ്ച സംഭവിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'മുഴുവന്‍ സമയ വിദ്യാര്‍ഥിയാണ് നിഖില്‍. 75 ശതമാനം ഹാജരുണ്ട്. എല്ലാ വിഷയത്തിലും ഇന്റേണല്‍ മാര്‍ക്കുണ്ട്. പരീക്ഷകളൊക്കെ തോറ്റു. ഇതേ കാലഘട്ടത്തില്‍ തന്നെയാണ് കലിംഗ യൂണിവേഴ്സിറ്റിയിലും പഠിക്കുന്നത്. മാര്‍ക്ക് ലിസ്റ്റ് അനുസരിച്ച് ഫസ്റ്റ് ക്ലാസോടെയാണ് അവിടെ നിന്ന് പാസായത്. ഈ സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികതയില്‍ സംശയമുണ്ട്. വ്യാജമാണോ എന്ന് പരിശോധിക്കും'- വൈസ് ചാന്‍സലര്‍ പറഞ്ഞു.
'കലിംഗ യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റില്‍ 'ബി.കോം ഹോണേഴ്സ് ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ്' എന്നാണ് പറയുന്നത്. എന്നാല്‍ സര്‍ട്ടിഫിക്കറ്റില്‍ 'ബി.കോം ഹോണേഴ്സ്' എന്ന് ഇല്ല. മാത്രമല്ല സെമസ്റ്റര്‍ കോഴ്സുകളാണ് വെബ്സൈറ്റില്‍ കാണിക്കുന്നത്. എന്നാല്‍ സര്‍ട്ടിഫിക്കറ്റില്‍ വാര്‍ഷികമാണ് കാണിച്ചിട്ടുള്ളത്. ഇത് നേരത്തെ എങ്ങനെ ആയിരുന്നു എന്ന കാര്യം അറിയില്ല. കലിംഗ യൂണിവേഴ്സിറ്റിയോട് വിവരങ്ങള്‍ ചോദിച്ചറിയും. പ്രഥമൃഷ്ട്യാ സര്‍ട്ടിഫിക്കറ്റ് വ്യാജമാണ്. യു.ജി.സിയില്‍ പരാതി നല്‍കും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാവിലെ കായംകുളത്തും വൈകിട്ട് റായ്പൂരും പഠിക്കാനാകില്ലെന്നും അത്തരത്തില്‍ ഒരു വിമാനം ഇതുവരെ തുടങ്ങിയിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു. വിദ്യാര്‍ഥിയുടെ അഡ്മിഷന്‍ റദ്ദാക്കേണ്ടി വരുമെന്നും കോളേജിന് ഷോക്കോസ് നോട്ടീസ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം.എസ്.എം. കോളേജിന് വിദ്യാര്‍ഥി തോറ്റതാണ് എന്ന കാര്യം വ്യക്തമായി അറിയാം. അങ്ങനെ ഒരാളെ എം.കോമിന് ചേര്‍ക്കുമ്പോള്‍ വലിയൊരു വിഴ്ചയായിട്ടാണ് കണക്കാക്കുന്നത്. കോളേജിന് സംഭവിച്ചിരിക്കുന്നത് ഗുരുതര വീഴ്ചയാണ്. അത് കോളേജ് നേരിട്ടെത്തി വിശദീകരിക്കണം. ഒരാള് വിചാരിച്ചാലോ കോളേജ് വിചാരിച്ചാലോ യൂണിവേഴ്സിറ്റിയുടെ ഇമേജ് നശിപ്പിക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.