കലാപക്കേസ് പ്രതികളായ ഹിന്ദുത്വ നേതാക്കളെ കേന്ദ്ര മന്ത്രി ഗിരിരാജ് സിങ് ജയിലില്‍ സന്ദര്‍ശിച്ചു

പട്‌ന- ജാര്‍ഖണ്ഡില്‍ പശുവിന്റെ പേരില്‍ മുസ്ലിം മധ്യവയസ്‌ക്കനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിച്ചവര്‍ക്ക് മധുരം നല്‍കിയും പൂമാല ചാര്‍ത്തിയും കേന്ദ്ര മന്ത്രി ജയന്ത് സിന്‍ഹ സ്വീകരണം നല്‍കിയതിനെ ചൊല്ലിയുള്ള വിവാദം കെട്ടടങ്ങും മുമ്പ് ക്രിമിനലുകള്‍ക്ക് പരസ്യ പിന്തുണയുമായി മറ്റൊരു കേന്ദ്ര മന്ത്രികൂടി രംഗത്ത്. ബിഹാറിലെ നവാഡയില്‍ വര്‍ഗീയ കലാപം ഇളക്കി വിട്ട കേസില്‍ പിടിയിലായി ജയിലില്‍ കഴിയുന്ന തീവ്ര ഹിന്ദുത്വ സംഘടനാ നേതാക്കളെ മന്ത്രി ഗിരിരാജ് സിങ് ശനിയാഴ്ച ജയിലില്‍ സന്ദര്‍ശിച്ചതായ് പുതിയ വിവാദം.

2017 ഏപ്രിലില്‍ രാമ നവമി ആഘോഷത്തിനിടെ വര്‍ഗീയ കലാപം ഇളക്കിവിടാന്‍ ശ്രമിച്ചതിന് പിടിയിലായ ബജ്രംഗ് ദള്‍, വിശ്വ ഹിന്ദു പരിഷത്ത് എന്നീ സംഘപരിവാര്‍ സംഘടനകളുടെ നേതാക്കളെയാണ് മന്ത്രി ഗിരിരാജ് സിങ് ജയിലില്‍ സന്ദര്‍ശിച്ചത്. ബിംബം തകര്‍ത്തുവെന്ന പേരിലായിരുന്നു കലാപ ശ്രമം. ജയിലായവരുടെ ബന്ധുക്കളേയും മന്ത്രി സന്ദര്‍ശിച്ചു. ഇവര്‍ സമാധാനന്തരീക്ഷ സംരക്ഷിക്കാന്‍ ശ്രമിച്ചവരാണെന്നും ഇവരെ കലാപകാരികളെന്ന് വിളിക്കാനാവില്ലെന്നും ഗിരിരാജ് പറഞ്ഞു. 

കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന് നിരവധി ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇതില്‍ ബിജെപിയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ബിജെപി കൂടി ഉള്‍പ്പെട്ട നിതീഷ് കുമാര്‍ സര്‍ക്കാര്‍ ഈ വേട്ട അവസാനിപ്പിക്കണമെന്നും ഗിരിരാജ് ആവശ്യപ്പെട്ടു.
 

Latest News