കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോ കൈവശം വച്ചാല്‍ അഞ്ചു വര്‍ഷം തടവ്

ന്യൂദല്‍ഹി- കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് കഠിന വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ നിയമഭേഗദതി കൊണ്ടു വരുന്നു. കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല ചിത്രങ്ങള്‍ക്ക് പൂര്‍ണ നിരോധനമേര്‍പ്പെടുത്താനാണു നീക്കം. 2012-ല്‍ അവതരിപ്പിച്ച കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ (പോക്‌സോ) നിയമത്തിലാണ് പുതിയ ഭേഗതഗതികള്‍ക്ക് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം അന്തിമ രൂപം നല്‍കിയത്. ഇതു പ്രകാരം കുട്ടികള്‍ ഉള്‍പ്പെട്ട പോണ്‍ വിഡിയോകള്‍ കൈവശം വക്കുന്നതു കുറ്റകൃത്യമാക്കാനാണു സര്‍ക്കാര്‍ നീക്കം. നിലവില്‍ ഇത്തരം നീല ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും കൈമാറുകുയം വില്‍പ്പന നടത്തുന്നതും മാത്രമായിരുന്നു കുറ്റകരം. എന്നാല്‍ ഇതു കൈവശം വയ്ക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവു ശിക്ഷയാണ് പുതിയ ഭേഗദതി നിഷ്‌കര്‍ഷിക്കുന്നത്. പീനല്‍ കോഡിനു സമാനമായി പോക്‌സോ നിയമത്തിലും പീഡകര്‍ക്ക് വധശിക്ഷ ഉള്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 

ലൈംഗിക ദുരപയോഗങ്ങള്‍ക്കു വേണ്ടി കുട്ടികളില്‍ ഹോര്‍മോണ്‍, മരുന്നുകള്‍ തുടങ്ങിയവ കുത്തിവയ്ക്കുന്നതും കുറ്റകരമാക്കും. കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനത്തിന് സൗകര്യം ചെയ്തുകൊടുക്കുകയും അതിന് പ്രതിഫലം പറ്റുകയും ചെയ്യുന്ന സംരക്ഷണ കേന്ദ്രങ്ങളുടെ നടത്തിപ്പുകാര്‍ക്ക് 20 വര്‍ഷം വരെ തടവു ശിക്ഷയും പുതിയ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ ഭേദഗതികള്‍ക്ക് ആഭ്യന്തര മന്ത്രാലയം ഉള്‍പ്പെടെ ബന്ധപ്പെട്ട മറ്റു മന്ത്രാലയങ്ങളുടെ അനുമതിയും ലഭിച്ചിട്ടുണ്ട്. ഇത് ഉടന്‍ കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ പരിഗണിക്കും. നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായാല്‍ അടുത്തയാഴ്ച തുടങ്ങാനിരിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷക്കാല സമ്മേളനത്തില്‍ തന്നെ ഇതു അവതരിപ്പിക്കും.
 

Latest News