മഞ്ചേരി-ചരിത്രമുറങ്ങുന്ന പന്തല്ലൂര്‍ പോലീസ് എയ്ഡ് പോസ്റ്റ് സന്ദര്‍ശിച്ച മഞ്ചേരി കെഎഎച്ച്എം യൂണിറ്റി വിമന്‍സ് കോളജ് വിദ്യാര്‍ഥിനികള്‍ കെട്ടിടം ശുചീകരിച്ചു. ഹിസ്റ്ററി മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനികളാണ് പുരാവസ്തു ഗവേഷകനായ സലീം പടവണ്ണയുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ആനക്കയം പഞ്ചായത്ത് പ്രസിഡന്റ് അടോട് ചന്ദ്രന്‍ ശുചീകരണത്തിന് തുടക്കം കുറിച്ചു. അധ്യാപകരായ ഷബീര്‍, ഫൈസല്‍, ജസീന, യൂട്യൂബ് വ്ളോഗര്‍ മാസ്റ്റര്‍ പീസ് നിസാര്‍ ബാബു മേച്ചേരി, മുടിക്കോട് വില്ലേജ് ഓഫീസര്‍ പ്രഭാത്കുമാര്‍ എന്നിവരും ഉദ്യമത്തില്‍ പങ്കാളികളായി.
ഖിലാഫത്ത് സമരകാലത്ത് ലഹളക്കാരെ പിടികൂടുന്നതിനും തടവിലിടുന്നതിനുമായി ബ്രിട്ടീഷുകാര്‍ സ്ഥാപിച്ചതാണ് പോലീസ് എയ്ഡ് പോസ്റ്റും ഇതിനോടനുബന്ധിച്ചുള്ള ജയിലും. പത്തോളം തടവുകാരെ പാര്‍പ്പിക്കാവുന്ന ജയിലിന്റെ അവശിഷ്ടങ്ങള്‍ മാത്രമാണ് നിലവില്‍ ഇവിടെ അവശേഷിക്കുന്നത്. ഖിലാഫത്ത് സമരത്തിന്റെയും സ്വാതന്ത്ര്യ പോരാട്ടങ്ങളുടെയും സ്മരണകളുറങ്ങുന്ന കേന്ദ്രം അധികൃതരുടെ അവഗണനയില്‍ ഏറെ ശോചനീയാവസ്ഥയിലാണുള്ളത്. കാടുമൂടിയ ഭാഗങ്ങളെല്ലാം വിദ്യാര്‍ഥിനികള്‍ വെട്ടിത്തെളിച്ചു. സ്മാരകം ശുചിയാക്കാനെത്തിയവരെ ഏറെ സന്തോഷത്തോടെയാണ് നാട്ടുകാര്‍ സ്വീകരിച്ചത്. സന്നദ്ധ സേവകര്‍ക്ക് പ്രദേശവാസികള്‍ മധുരപാനീയങ്ങള്‍ നല്‍കി. സ്മാരകം പഞ്ചായത്ത് ഏറ്റെടുത്ത് സംരക്ഷിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.