Sorry, you need to enable JavaScript to visit this website.

സാക്ഷി മാലിക്കും ബബിത ഫോഗട്ടും നേര്‍ക്കുനേര്‍

ന്യൂദല്‍ഹി- ബി. ജെ. പി എം. പി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ ലൈംഗിക പീഡനത്തിനെതിരെ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തില്‍ പരസ്പരം വിമര്‍ശിച്ച് സമരക്കാര്‍. സാക്ഷി മാലിക്കും ഭര്‍ത്താവ് സത്യാവര്‍ട്ട് കാഡിയാനും ട്വിറ്ററിലൂടെ നടത്തിയ വിശദീകരണത്തിനു പിന്നാലെയാണ് പടലപ്പിണക്കം പുറത്തു വന്നത്. 

സമരം കോണ്‍ഗ്രസ് ആസൂത്രണം ചെയ്തതാണെന്ന വാദങ്ങളെ സാക്ഷി തള്ളി. സമരത്തിനു വേണ്ടിയുള്ള അനുമതി നേടിയെടുത്തത് ബി. ജെ. പി നേതാക്കള്‍ കൂടിയായ തിരാത് റാണയും ബബിത ഫോഗട്ടും ചേര്‍ന്നാണെന്നാണ് സാക്ഷി പറഞ്ഞത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മൊഴി മാറ്റിയത് സമ്മര്‍ദം കൊണ്ടും ഭീഷണി കൊണ്ടുമാണെന്നും സാക്ഷി ആരോപിച്ചിരുന്നു. 

സാക്ഷി മാലിക് കോണ്‍ഗ്രസിന്റെ കളിപ്പാവയാണെന്നായിരുന്നു ബബിത ഫോഗട്ട് പറഞ്ഞത്.  സാക്ഷി മാലിക് വിഡിയോയില്‍ കാണിച്ച അനുമതി പത്രത്തില്‍ തന്റെ പേരോ ഒപ്പോ ഇല്ലെന്നും ബബിത പറഞ്ഞു. നരേന്ദ്ര മോഡിയിലും ഇന്ത്യന്‍ നീതി വ്യവസ്ഥയിലും തനിക്കിപ്പോഴും വിശ്വാസമുണ്ടെന്നും തുടക്കം മുതല്‍ താന്‍ സമരത്തിനെതിരായിരുന്നുവെന്നും പ്രശ്‌ന പരിഹാരത്തിനായി പ്രധാനമന്ത്രിയെയോ ആഭ്യന്തര മന്ത്രിയെയോ സമീപിക്കണമെന്ന് താനുപദേശിച്ചിരുന്നതായും ബബിത വ്യക്തമാക്കി.

ഇതിനു പിന്നാലെ ബബിതയ്‌ക്കെതിരെ ആരോപണങ്ങളുമായി സാക്ഷിയെത്തി. ബബിത സ്വാര്‍ഥ താത്പര്യങ്ങള്‍ക്ക് ളോട് ഗുസ്തി താരങ്ങളെ ഉപയോഗിക്കുകയായിരുന്നുവെന്നും സമരത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമാണ് സാക്ഷി പറയുന്നത്. ശനിയാഴ്ച ട്വീറ്റ് ചെയ്ത വിഡിയോയില്‍ തിരാത്ത് റാണയും ബബിതയും എങ്ങനെയാണ് ഗുസ്തി താരങ്ങളെ ഉപയോഗിച്ചതെന്ന് വ്യക്തമാണ്. സമരം ആരംഭിച്ചതോടെ സമരത്തില്‍ പങ്കെടുത്ത ഗുസ്തി താരങ്ങളെല്ലാം പ്രശ്‌നത്തിലായി പക്ഷേ ബബിതയും റാണയും സര്‍ക്കാരിന്റെ ഇഷ്ടക്കാര്‍ തന്നെയായി തുടര്‍ന്നു. തങ്ങളുടെ സമരം ബ്രിജ് ഭൂഷണിനെതിരേയാണെന്നും സര്‍ക്കാരിനെതിരേ അല്ലെന്നും സാക്ഷി മാലിക് ആവര്‍ത്തിച്ചു.

Latest News