മദ്യശാലയില്‍ തോക്കുചൂണ്ടിയ സംഘത്തില്‍ സ്വപ്‌നയുടെ കൂട്ടുപ്രതിയും

തൃശൂര്‍-മദ്യശാലയില്‍ ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘത്തില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതിയും. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് വട്ടനണപ്പുറം എടത്തനാട്ടുകര പാറേക്കാട്ട് വീട്ടില്‍ അബ്ദുള്‍ നിയാസ് (41),കോഴിക്കോട് മാങ്കാവ് കളത്തില്‍ വീട്ടില്‍ നിസാര്‍(37), പൊന്നാനി പാലപ്പെട്ടി ആലിയമീന്‍കത്ത് വീട്ടില്‍ റഫീക്ക് (40), കോഴിക്കോട് മീഞ്ചന്ത ജഫ്‌സീനാ മന്‍സില്‍ വീട്ടില്‍ ജിഫ്‌സല്‍ (41) എന്നിവരെയാണ് വെസ്റ്റ് പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ടി.പി. ഫര്‍ഷാദിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.
സ്വപ്ന സുരേഷ് ഉള്‍പ്പെട്ട കസിലെ പതിനാറാം പ്രതിയാണ് തോക്കൂചൂണ്ടിയ കേസില്‍ അറസ്റ്റിലായ ജിഫ്‌സല്‍. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9.15നാണ് പൂത്തോളിലെ കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പനശാലയില്‍ സെക്യൂരിറ്റി ഗാര്‍ഡിനെയും ജീവനക്കാരെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയത്.
സമയം കഴിഞ്ഞതിനാല്‍ താഴ്ത്തിവെച്ചിരുന്ന ഷട്ടര്‍ ഉയര്‍ത്തിയാണ് ഇവര്‍ അകത്തുപ്രവേശിച്ചത്. വിലകൂടിയ മദ്യം നല്‍കാന്‍ തയ്യാറാകാതിരുന്നതോടെയാണ് ജീവനക്കാര്‍ക്കുനേരെ തോക്കുചൂണ്ടിയത്.
പിന്നീട് ഇവര്‍ കാറില്‍ രക്ഷപ്പെടുകയായിരുന്നു. . ജീവനക്കാര്‍ അറിയിച്ചതസരിച്ച് വെസ്റ്റ് പോലീസ് മറ്റൊരു ബാറില്‍നിന്നാണ് ഇവരെ പിടികൂടിയത്. എയര്‍ പിസ്റ്റളും ഇവരില്‍നിന്ന് പിടിച്ചെടുത്തു.

 

Latest News