Sorry, you need to enable JavaScript to visit this website.

ജലന്ധര്‍ ബിഷപ്പിനെതിരെ കൂടുതല്‍ പരാതികള്‍; 18 കന്യാസ്ത്രീകള്‍ സഭ വിട്ടുപോയി

കോട്ടയം-കുറവിലങ്ങാട് കോണ്‍വെന്റിലെ  കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ആരോപണ വിധേയനായ ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ വീണ്ടും പരാതി. പീഡനത്തിനിരയായ കന്യാസ്ത്രീക്ക് പുറമെ കൂടുതല്‍ കന്യാസ്ത്രീകള്‍ ബിഷപ്പിനും സഭാ നേതൃത്വത്തിനുമെതിരെ  പരാതിയുമായി രംഗത്തെത്തി. മിഷനറീസ് ഓഫ് ജീസസ് സന്ന്യാസ സമൂഹത്തിന്റെ മദര്‍ ജനറലിനാണ് ഒരു വിഭാഗം കന്യാസ്ത്രീകള്‍ പരാതി നല്‍കിയത്. പുരോഹിതന്‍ എന്നതിനേക്കാള്‍ ഒരു രാഷ്ട്രീയക്കാരനും ബിസനസുകാരനുമാണ് ബിഷപ്പ് ഫ്രാങ്കോയെന്നാണ് ഒരു കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ പറയുന്നത്. സന്ന്യാസ സമൂഹത്തെ നശിപ്പിക്കുന്നതിനാണ് ബിഷപ്പിന്റെ ശ്രമം. സഭാ നേതൃത്വവും അതിന് കൂട്ടുനില്‍ക്കുന്നു. തനിക്കെതിരേ ശബ്ദമുയര്‍ത്തുന്നവരെ ബിഷപ്പ് മാനസികമായി പീഡിപ്പിക്കുകയാണ്. സന്ന്യാസ സഭയുടെ രക്ഷാധികാരിയെന്ന അധികാരം മാത്രമുള്ള ബിഷപ്പ് കന്യാസ്ത്രീകളുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുകയാണ്. സ്ഥലംമാറ്റവും അവധിയുമൊക്കെ തീരുമാനിച്ചിരുന്നത് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലായിരുന്നു. ബിഷപ്പിന്റെയും സഭാ നേതൃത്വത്തിന്റെയും തെറ്റായ നടപടികള്‍ മൂലം സഭയിലെ ഫോര്‍മേറ്റര്‍ (കന്യാസ്ത്രീ ആവുന്നതുവരെ ഓരോ ഘട്ടത്തിലും അവരെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍) അടക്കമുള്ള 18 കന്യാസ്ത്രീകള്‍ സഭ വിട്ടുപോയി. ബിഷപ്പിന്റെ താല്‍പര്യത്തിന് വഴങ്ങുന്ന കന്യാസ്ത്രീകള്‍ക്ക് എല്ലാ പരിഗണനയും നല്‍കും. എതിര്‍പ്പുയര്‍ത്തുന്നവരെ ശത്രുവിനെപ്പോലെയാണ് ബിഷപ്പ് കാണുന്നതെന്നും ഫോര്‍മേറ്ററായിരുന്ന കന്യാസ്ത്രീ മദര്‍ ജനറലിന് നല്‍കിയ കത്തില്‍ പറയുന്നു.
മറ്റൊരു കന്യാസ്ത്രീ എഴുതിയ കത്തിലാവട്ടെ, ബിഷപ്പിനെതിരെയോ സഭാനേതൃത്വത്തിനെതിരെയോ ശബ്ദിക്കാന്‍ പോലും ആരുമില്ലെന്നാണ് പറയുന്നത്. ബിഷപ്പ് ഫ്രാങ്കോയെ സന്തോഷിപ്പിക്കുന്ന നടപടികള്‍ക്ക് മാത്രമാണ് മദര്‍ ജനറല്‍ അടക്കമുള്ളവരുടെ അധികാരം വിനിയോഗിക്കുന്നത്. തനിക്കെതിരായ ശബ്ദങ്ങളെ ബിഷപ്പ് അടിച്ചമര്‍ത്തുന്നത് പോലെയാണ് മദര്‍ ജനറലും പെരുമാറുന്നത്. ബിഷപ്പിന്റെ സ്വാര്‍ഥതയ്ക്കും അനീതിക്കും സഭാനേതൃത്വം കൂട്ടുനില്‍ക്കുന്നു. സഭ വിട്ടുപോയ ഓരോ കന്യാസ്ത്രീകളുടെയും പേരും അവര്‍ വിട്ടുപോകാനിടയായ സാഹചര്യങ്ങളും കത്തില്‍ വിവരിക്കുന്നുണ്ട്. ഈ വിഷയങ്ങളില്‍ കൃത്യമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ മിഷനറീസ് ഓഫ് ജീസസ് സന്ന്യാസ സഭ തന്നെ ഇല്ലാതാവുമെന്നാണ് കത്തിലെ മുന്നറിയിപ്പ്. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ ലൈംഗിക പീഡനത്തിന് പരാതി നല്‍കിയ കന്യാസ്ത്രീയുടെ കാര്യങ്ങളടക്കം വിശദമായി കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. കത്തുകളുടെ പകര്‍പ്പടക്കം കേസന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്പിക്ക് തെളിവായി കൈമാറി.
 

Latest News