ഫലസ്തീനികള്‍ക്ക് മാത്രമല്ല, ഇസ്രായില്‍ എല്ലാ മുസ്ലിംകള്‍ക്കും ഭീഷണി- ഇറാന്‍ പ്രസിഡന്റ്

തെഹ്‌റാന്‍- സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇസ്രായിലിനെതിരെ രൂക്ഷ വിമര്‍ശവുമായി ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി.  
ഇറാനും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി, പ്രാദേശിക സഹകരണത്തിലെ പുരോഗതിയില്‍ ഇസ്രായിലിലെ സയണിസ്റ്റ് ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള ഇസ്‌ലാമിന്റെ ശത്രുക്കള്‍ മാത്രമാണ് അസ്വസ്ഥരാകുന്നതെന്ന് റൈസി ഫൈസല്‍ രാജകുമാരനോട് പറഞ്ഞതായി ഇറാനിയന്‍ സ്‌റ്റേറ്റ് ന്യൂസ് ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു.
ഏഴ് വര്‍ഷത്തെ ഇടവേളക്കുശേഷമാണ് സൗദിയും ഇറാനും തമ്മിലുള്ള  നയതന്ത്രബന്ധം പുനഃസ്ഥാപിച്ചത്.  ചൈനയുടെ മധ്യസ്ഥതയിലാണ് ഇരു രാജ്യങ്ങളും കഴിഞ്ഞ മാര്‍ച്ചില്‍  കരാറിലെത്തിയത്.
സയണിസ്റ്റ് ഭരണകൂടം ഫലസ്തീനികളുടെ മാത്രം ശത്രുവല്ലെന്നും എല്ലാ മുസ്ലിംകള്‍ക്കും ഭീഷണിയാണെന്നും ഇറാന്‍ പ്രസിഡന്റ് പറഞ്ഞു. ഇസ്രായിലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നത് സുരക്ഷയെ ബാധിക്കുമെന്ന് മാത്രമല്ല, ഇസ്ലാമിക ഉമ്മത്തിന്റെ അഭിപ്രായങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ഫൈസല്‍ രാജകുമാരനും പ്രസിഡന്റ് റൈസിയും തമ്മിലുള്ള ചര്‍ച്ചയില്‍ ഉഭയകക്ഷി ബന്ധങ്ങള്‍ അവലോകനം ചെയ്യുന്നതിനും സഹകരണം ശക്തിപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള വഴികളാണ് ആരാഞ്ഞതെന്ന്  സൗദി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. പ്രാദേശിക, അന്തര്‍ദേശീയ രംഗങ്ങളിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് ഇരുവരും നിലപാടുകള്‍ കൈമാറി.
ഇറാന്‍ വിദേശമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാനുമായി ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ചര്‍ച്ച നടത്തിയ  ഫൈസല്‍ ഫര്‍ഹാന്‍ രാജകുമാരന്‍ സംയുക്ത പത്രസമ്മേളനത്തിലും പങ്കെടുത്തു.

 

Latest News