ഹൈദരാബാദ്- സ്ത്രീകളുടെ വസ്ത്രധാരത്തെ കുറിച്ച് തെലങ്കാന ആഭ്യന്തര മന്ത്രി മഹമൂദ് അലി നടത്തിയ പരാമര്‍ശം വിവാദത്തില്‍. ഹൈദരാബാദില്‍ പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥിനികള്‍ക്ക് ബുര്‍ഖ അഴിച്ചുമാറ്റേണ്ടി വന്ന സംഭവത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഹൈദരാബാദിലെ കെവി രംഗ റെഡ്ഡി വനിതാ കോളേജിലാണ് സംഭവം. വെള്ളിയാഴ്ച പരീക്ഷാ കേന്ദ്രത്തിലെത്തിയ തങ്ങളെ പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കുന്നതില്‍ നിന്ന് ആദ്യം വിലക്കിയതായി വിദ്യാര്‍ഥികള്‍ ആരോപിച്ചു. പിന്നീട് ബുര്‍ഖ അഴിച്ചുമാറ്റി ശേഷമാണ് തങ്ങളെ ഹാളിലേക്ക് കടക്കാന്‍ അനുവദിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
കെവി റെഡ്ഡി കോളേജില്‍ നടന്ന സംഭവത്തെ കുറിച്ച് മാധ്യമങ്ങള്‍ ആഭ്യന്തര മന്ത്രി മഹമൂദ് അലിയോട് പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. സ്ത്രീകള്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും കഴിയുന്നത്ര ശരീരം മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കണമെന്നാണ് മന്ത്രി പറഞ്ഞത്.
'ഞങ്ങളുടെ നയം തികച്ചും മതേതര നയമാണ്. എല്ലാവര്‍ക്കും ഇഷ്ടമുള്ളത് ധരിക്കാന്‍ അവകാശമുണ്ട്. പക്ഷേ, ഹിന്ദു അല്ലെങ്കില്‍ ഇസ്ലാമിക ആചാരങ്ങള്‍ക്കനുസൃതമായി വസ്ത്രം ധരിക്കണം, യൂറോപ്യന്‍ സംസ്‌കാരം പിന്തുടരരുത്. നമ്മുടെ വസ്ത്രധാരണ സംസ്‌കാരത്തെ നാം മാനിക്കണം. പ്രത്യേകിച്ച്, സ്ത്രീകള്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കരുത്, അവര്‍ കഴിയുന്നത്ര ശരീരം മറയ്ക്കണം, കെവി റെഡ്ഡി കോളേജില്‍ നടന്ന സംഭവത്തെ കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കും''- അലി പറഞ്ഞു.
പരീക്ഷാ ഹാളിനു പുറത്ത് അരമണിക്കൂറോളം വെയിറ്റ് ചെയ്യിപ്പിച്ചെന്നും അവസാനം പരീക്ഷയെഴുതാന്‍ ബുര്‍ഖ ഊരിമാറ്റേണ്ടി വന്നെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
'ഇനി ബുര്‍ഖ ധരിക്കരുതെന്ന് കോളേജ് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് പരീക്ഷാ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. വിഷയത്തില്‍ ഞങ്ങളുടെ മാതാപിതാക്കള്‍ ആഭ്യന്തര മന്ത്രി മഹമൂദ് അലിക്ക് പരാതി നല്‍കിയിട്ടുണ്ട്. ബുര്‍ഖ ധരിച്ച വിദ്യാര്‍ത്ഥിനികളെ പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കാത്തത് ശരിയായ രീതിയല്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്ന്, '- ഒരു വിദ്യാര്‍ത്ഥി പ്രതികരിച്ചു.