കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതി നിക്ഷേപ തട്ടിപ്പിന് ഇരയായതായി സൂചന

കണ്ണൂര്‍ -  വിനോദസഞ്ചാര കേന്ദ്രമായ ബേബി ബീച്ചിന് സമീപം കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതി നിക്ഷേപ തട്ടിപ്പിന് ഇരയായതായി പൊലീസിന് വിവരം ലഭിച്ചു. എടച്ചേരി മുത്തപ്പന്‍ മടപ്പുരയ്ക്കടുത്തു താമസിക്കുന്ന റോഷിത(32)യെയാണ് കഴിഞ്ഞ ദിവസം കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.  ഇവര്‍ നടത്തിയ സാമ്പത്തിക ഇടപാടുകളാണ് പൊലിസ് അന്വേഷിച്ച് വരുന്നത്. ആറ് ലക്ഷം രൂപയുടെ ഇടപാടുകള്‍ റോഷിത നടത്തിയതായും  തെളിഞ്ഞിട്ടുണ്ട്. കണ്ണൂര്‍ താവക്കര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ധനകാര്യ ഇടപാട് സ്ഥാപനത്തില്‍ റോഷിത പണം നിക്ഷേപിച്ചിരുന്നുവെന്ന സൂചന പൊലിസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പണം തിരിച്ചു ചോദിക്കാനായി യുവതി സ്ഥാപനത്തിലെത്തിയിരുന്നു. എന്നാല്‍ അവര്‍ പണം നല്‍കാതെ രണ്ടു ദിവസം കഴിഞ്ഞു വരാനായിരുന്നു പറഞ്ഞത്. രണ്ടുദിവസം കഴിഞ്ഞിട്ടു പോയപ്പോഴും റോഷിതയ്ക്കു പണം നല്‍കിയില്ല. തുടര്‍ന്ന് വെളളിയാഴ്ച്ച രാവിലെ യുവതി പണത്തിനായി വീണ്ടും ചെന്നെങ്കിലും പണം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു സ്ഥാപന അധികൃതരുടെ മറുപടി. ഭര്‍ത്താവിന് ചിക്കന്‍ ഫാം തുടങ്ങാനായിരുന്നു റോഷിത പണം പിന്‍വലിക്കാന്‍ ശ്രമിച്ചത്. താന്‍ എന്തായാലും പണവുമായി വരുമെന്നും പണം കിട്ടിയില്ലെങ്കില്‍ തന്നെ ആരും പിന്നെ കാണില്ലെന്നും ഭര്‍ത്താവ് പ്രമിത്തിനോട് റോഷിത പറഞ്ഞിരുന്നുവത്രേ.

 

 

Latest News