അനുയായികള്‍ക്ക് ഫ്രീ ഭക്ഷണം ഓഫര്‍ ചെയ്ത്  ക്ഷണിച്ചു വരുത്തിയ ട്രംപ് പണമടക്കാതെ മുങ്ങി 

ന്യൂയോര്‍ക്ക്- ഹോട്ടലില്‍  തന്നെ കാണാനെത്തിയ അനുയായികള്‍ക്ക് തന്റെ വക സൗജന്യ ഭക്ഷണം വാഗ്ദാനം ചെയ്ത യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബില്ലടയ്ക്കാതെ മടങ്ങിയെന്ന് ആരോപണം. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. രഹസ്യരേഖകള്‍ അനധികൃതമായി സൂക്ഷിച്ച കേസില്‍ മയാമിയിലെ ഫെഡറല്‍ കോടതിയില്‍ ഹാജരായതിന് ശേഷം ന്യൂജേഴ്‌സിയിലേക്ക് മടങ്ങുന്നതിനിടെ ട്രംപ് മയാമിയിലെ ലിറ്റില്‍ ഹവാനയിലെ ഒരു ക്യൂബന്‍ റെസ്റ്റോറന്റിലെത്തി. തൊട്ടടുത്ത ദിവസം ട്രംപിന്റെ 77ാം പിറന്നാളായതിനാല്‍ റെസ്റ്റോറന്റിലുണ്ടായിരുന്നവരും അനുകൂലികളും ചേര്‍ന്ന് അദ്ദേഹത്തിന് ജന്മദിനാശംസകള്‍ പാടി. തുടര്‍ന്ന് റെസ്റ്റോന്റിലുണ്ടായിരുന്ന എല്ലാവര്‍ക്കും ഭക്ഷണം നല്‍കാന്‍ ട്രംപ് നിര്‍ദ്ദേശിച്ചു. എന്നാല്‍ ആളുകള്‍ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ സമയം നല്‍കുന്നത് മുമ്പ് തന്നെ ട്രംപ് മടങ്ങി. സംഭവം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ സോഷ്യല്‍ മീഡിയയില്‍ ട്രംപിനെതിരെ വ്യാപക ട്രോളുകള്‍ ഉയര്‍ന്നു. ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവും ഉയരുന്നുണ്ട്. റെസ്റ്റോറന്റിലുണ്ടായിരുന്നവര്‍ക്ക് ഭക്ഷണം നല്‍കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നെന്നും എന്നാല്‍ അദ്ദേഹം ഇറങ്ങിയതിന് പിന്നാലെ അനുകൂലികളും റെസ്റ്റോറന്റ് വിട്ടെന്നും ട്രംപിന്റെ വക്താവ് പറയുന്നു. ആരും ഓര്‍ഡര്‍ നല്‍കിയില്ലെന്നും അദ്ദേഹം പറയുന്നു. ട്രംപിന്റെ ക്യാമ്പെയ്ന്‍ ടീം അംഗങ്ങള്‍ വാങ്ങിയ പാഴ്‌സലുകള്‍ക്ക് പണം നല്‍കിയിരുന്നെന്നും ആരുടെയും പണമടയ്ക്കാതെ പോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Latest News