ഉമ്മക്ക് മാര്‍ബിള്‍ സ്മാരകം തീര്‍ത്ത് മകന്‍, ചെലവ് അഞ്ചുകോടി

ചെന്നൈ- മരിച്ചുപോയ ഉമ്മക്ക് സ്മാരകം നിര്‍മിക്കാന്‍ മകന്‍ ചെലവഴിച്ചത് അഞ്ചുകോടി രൂപ. തമിഴ്‌നാട്ടില്‍ നിന്നുള്ള അംറുദീന്‍ ഷെയ്ക് ദാവൂദ് എന്ന ബിസിനസുകാരനാണ് താജ്മഹലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അന്തരിച്ച ഉമ്മക്ക് സ്മാരകം നിര്‍മ്മിച്ചത്. മൂന്ന് വര്‍ഷം മുമ്പാണ് ഇദ്ദേഹത്തിന്റെ മാതാവ് മരിച്ചത്.
അംറുദീന്‍ ഷെയ്ക് ദാവൂദിന് ചെന്നൈയില്‍ അരി കച്ചവടമാണ് ജോലി. 2020ല്‍ അമ്മ ജൈലാനി ബീവിയുടെ മരണശേഷം അവര്‍ക്ക് സ്മാരകം നിര്‍മിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. അംറുദീന്‍ ഷെയ്കിന്റെ പിതാവ് അബ്ദുള്‍ കാദര്‍ ഷെയ്ക് ദാവൂദ് മരിക്കുമ്പോള്‍ വളരെ ചെറുപ്പമായിരുന്നു. പിതാവിന് ഒരു ഹാര്‍ഡ്‌വെയര്‍ ബിസിനസ്സ് ഉണ്ടായിരുന്നുവെന്നും അപ്രതീക്ഷിതമായി മരണമടഞ്ഞെന്നും 48 കാരനായ അംറുദീന്‍  പറഞ്ഞു.
തുടര്‍ന്ന് ഉമ്മയാണ് അദ്ദേഹത്തേയും നാല് സഹോദരിമാരെയും വളര്‍ത്തിയത്. ഞങ്ങളെ എല്ലാ സദ്ഗുണങ്ങളോടുംകൂടി വളര്‍ത്താന്‍ തന്റെ ഉമ്മ ജീവിതം ബലിയര്‍പ്പിച്ചുവെന്ന് അംറുദീന്‍ ഷെയ്ഖ് പറഞ്ഞു. അവരില്ലാതെ നമ്മള്‍ ഒന്നുമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2020 ഡിസംബറില്‍ ജൈലാനി ബീവി മരിച്ചപ്പോള്‍ അത് തന്നെ വല്ലാതെ ഉലച്ചുവെന്ന് അംറുദീന്‍ ഷെയ്ക്ക് പറഞ്ഞു. ഉമ്മക്കായി ഒരു ശവകുടീരം നിര്‍മ്മിക്കാന്‍ അംറുദീന്‍ ഷെയ്ക്ക് തീരുമാനിച്ചു.
'അവരുടെ സാന്നിധ്യം ശാശ്വതമായ ഒന്നായിരിക്കണമെന്ന് ഞങ്ങള്‍ക്ക് തോന്നി. അതിനാല്‍ എന്റെ കുടുംബത്തിന്റെ സമ്മതത്തോടെ, അമ്മയ്യപ്പനിലെ ഒരേക്കര്‍ സ്ഥലത്ത് അവര്‍ക്കായി മാര്‍ബിള്‍ ,്മാരകം നിര്‍മ്മിക്കാന്‍ ഞാന്‍ തീരുമാനിച്ചു- അംറുദീന്‍ ഷെയ്ക് പറഞ്ഞു.
2021 ല്‍ നിര്‍മ്മാണം ആരംഭിച്ചു, താജ്മഹലില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച ശവകുടീരം പൂര്‍ത്തിയാകാന്‍ രണ്ട് വര്‍ഷമെടുത്തു. 8,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിച്ച  ശവകുടീരത്തിന് പുറമേ, സമുച്ചയത്തില്‍ ഒരു പള്ളിയും മദ്രസയും ഉണ്ട്. താജ്മഹലിനോട് സാമ്യമുള്ള ഘടനയെക്കുറിച്ച് സംസാരിച്ച അംരുദീന്‍ ഷെയ്ക്ക് ഇത് യാദൃശ്ചികമാണെന്ന് പറഞ്ഞു.
മുഗള്‍ വാസ്തുവിദ്യയുടെ ഘടകങ്ങളുള്ള ഒരു കെട്ടിടമാണ് തങ്ങള്‍ക്ക് വേണ്ടതെന്നാണ് ഡിസൈനര്‍മാരോട് ആവശ്യപ്പെട്ടത്. അവരാണ് ഇത് രൂപകല്‍പന ചെയ്തത്. രാജസ്ഥാനില്‍ നിന്ന് ഏകദേശം 80 ടണ്‍ മാര്‍ബിള്‍ കൊണ്ടുവന്നായിരുന്നു നിര്‍മാണം.

 

Latest News