നിലമ്പൂരില്‍ നഗരസഭാംഗത്തെ ചെയര്‍മാന്റെ മുറിയില്‍ തള്ളിയിട്ടതായി പരാതി

നിലമ്പൂ-നിലമ്പൂര്‍ രാമംകുത്ത് റെയില്‍വെ അടിപാത പ്രവൃത്തി സംബന്ധിച്ച് പോര് മുറുകുന്നതിനിടെ ഡിവിഷന്‍ കൗണ്‍സിലറെ മുന്‍ കൗണ്‍സിലര്‍ നഗരസഭാധ്യക്ഷന്റെ മുറിയില്‍ വച്ച് തള്ളിയിട്ടതായി പരാതി. സംഭവത്തെ തുടര്‍ന്ന് നിലമ്പൂര്‍ നഗരസഭയിലെ ഏഴാം ഡിവിഷന്‍ കൗണ്‍സിലര്‍ അടുക്കത്ത് സുബൈദയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമെന്ന് മുന്‍ കൗണ്‍സിലറും ലീഗ് നേതാവുമായ അടുക്കത്ത് ഇസഹാഖ് പ്രതികരിച്ചു.
നഗരസഭാധ്യക്ഷന്റെ ചേംബറിലാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. രാമംകുത്ത് റെയില്‍വെ അടിപ്പാത വിഷയത്തില്‍ നഗരസഭാധ്യക്ഷന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പരാമര്‍ശത്തിനെതിരെ പ്രതിഷേധം അറിയിക്കാനാണ് മുസ്‌ലിം ലീഗ് നേതാവും നഗരസഭാ മുന്‍ കൗണ്‍സിലറുമായ അടുക്കത്ത് ഇസഹാഖിന്റെ നേതൃത്വത്തില്‍ നഗരസഭാധ്യക്ഷന്റെ ചേബറിലെത്തിയത്. പള്ളി കമ്മിറ്റിയില്‍ വരെ അഴിമതി നടത്തി പുറത്താക്കിയവരാണ് റെയില്‍വേ അടിപ്പാത വിഷയത്തില്‍ ഡിവിഷന്‍ കൗണ്‍സിലര്‍ക്കെതിരെ വാര്‍ത്താ സമ്മേളനം നടത്തിയതെന്ന ചെയര്‍മാന്റെ പരാമര്‍ശമാണ് ഇവരെ ചൊടിപ്പിച്ചത്. ഇരു വിഭാഗവും തമ്മില്‍ സംസാരിക്കുമ്പോഴാണ് താന്‍ ചെയര്‍മാന്റെ ചേംബറില്‍ എത്തിയതെന്ന് ഡിവിഷന്‍ കൗണ്‍സിലറായ അടുക്കത്ത് സുബൈദ പറഞ്ഞു. ഒരു പ്രകോപനവുമില്ലാതെ തന്നെ ഇസഹാഖ് കഴുത്തിന് പിടിച്ച് തള്ളുകയായിരുന്നു. മന:പൂര്‍വം തന്നെ അക്രമിക്കുകയായിരുന്നുവെന്നും മോശമായി അധിക്ഷേപിച്ചതായും അസഭ്യം പറഞ്ഞതായും കൗണ്‍സിലര്‍ പറഞ്ഞു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും വനിതാ കൗണ്‍സിലറെ അക്രമിക്കുകയും ചെയ്ത സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുമെന്ന് നഗരസഭാധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം പറഞ്ഞു.
അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ അതിന് ജനാധിപത്യ രീതിയിലാണ് പ്രതികരിക്കേണ്ടത്. താന്‍ നടത്തിയ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുകയാണെന്നു നഗരസഭാധ്യക്ഷന്‍ മട്ടുമ്മല്‍ സലീം കൂട്ടിചേര്‍ത്തു. തന്റെയും ചെയര്‍മാന്റെയും മുന്നില്‍ വച്ചാണ് കൗണ്‍സിലറെ ആക്രമിച്ചതെന്ന് നഗരസഭാ ഉപാധ്യക്ഷ അരുമ ജയകൃഷ്ണനും പ്രതികരിച്ചു. അതേസമയം വനിതാ കൗണ്‍സിലറെ തള്ളിയിട്ടുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ഉന്തിലും തള്ളിലും തനിക്കും പരിക്കേറ്റിട്ടുണ്ടെന്നും ജില്ലാ ആശുപത്രിയില്‍ ചികല്‍സ തേടുമെന്നും അടുക്കത്ത് ഇസ്ഹാഖ് പറഞ്ഞു.

 

Latest News