വീണ്ടും കേരളത്തിന് ലോകബാങ്ക് വായ്പ; ഇത്തവണ 1228 കോടി രൂപ

തിരുവനന്തപുരം- ലോകബാങ്ക് വീണ്ടും കേരളത്തിന് വായ്പ അനുവദിച്ചു. അധിക ധനസഹായത്തിന് കേരളം നല്‍കിയ അപേക്ഷ ലോകബാങ്ക് അംഗീകരിക്കുകയായിരുന്നു. 

പ്രകൃതിക്ഷോഭം ഉള്‍പ്പെടെയുള്ളവയെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. ആറു വര്‍ഷത്തെ ഗ്രേസ് പിര്യേഡ് ഉള്‍പ്പെടെ 14 വര്‍ഷത്തെ കാലാവധിയില്‍ 1228 കോടി രൂപയുടെ വായ്പയാണ് അനുവദിച്ചത്. 

പകര്‍ച്ചവ്യാധി, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവ മൂലമുള്ള ദുരിതങ്ങള്‍ നേരിടാനുള്ളതാണ് തുക. നേരത്തെ കേരളത്തിന് 125 മില്യണ്‍ ഡോളറിന്റെ ധനസഹായം ലോകബാങ്ക് പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെയാണ് പുതിയ വായ്പ. രണ്ടു പദ്ധതികളിലൂടെയും വെള്ളപ്പൊക്കത്തിന്റെ കെടുതി നേരിട്ട അരക്കോടിയോളം പേര്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്.

Latest News