കര്‍ണാടക പോലീസുകാരന് സമ്മാനം  കേരളത്തിലേക്ക് ഹണിമൂണ്‍ ട്രിപ്പ് 

ധീരത തെളിയിച്ച കര്‍ണാടക പോലീസ് ഉദ്യോഗസ്ഥന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സമ്മാനമായി നല്‍കിയത് കേരളത്തിലേക്ക് ഹണിമൂണ്‍ ട്രിപ്പ്. മൂന്ന് ബൈക്ക് മോഷ്ടാക്കളെ നാല് കിലോമീറ്ററിലധികം ഒറ്റയ്ക്ക് പിന്തുടര്‍ന്ന് കീഴടക്കിയ പോലീസ് കോണ്‍സ്റ്റബിളായ കെ.ഇ. വെങ്കിടേഷിനാണ് ഹൗസ് ബോട്ട് യാത്രയുള്‍പ്പെടെ കേരളത്തിലേക്ക് ഹണിമൂണ്‍ ട്രിപ്പും 10,000 രൂപയും ശമ്പളത്തോടെയുള്ള അവധിയും സമ്മാനിച്ചത്. വെങ്കിടേഷിന്റെ ധൈര്യത്തിനുമുള്ള പ്രതിഫലമാണെന്നാണ് ഡെപ്യൂട്ടി കമ്മീഷണര്‍ അബ്ദുള്‍ അഹദ് പറഞ്ഞത്.
ജനസൗഹാര്‍ദ പോലീസ് പരിപാടിയുടെ ഭാഗമായി നടത്തിയ രാത്രി പട്രോളിങ്ങിലാണ് വെങ്കിടേഷിന് തന്റെ ധൈര്യം തെളിയിക്കാനുള്ള അവസരം ലഭിച്ചത്.ഡ്യൂട്ടിയുടെ ഭാഗമായി വെങ്കിടേഷ് വ്യാഴാഴ്ച പുലര്‍ച്ചെ 2.45 ഓടെ സര്‍ജാപുര്‍ പ്രധാന പാതയില്‍ നില്‍ക്കുകയായിരുന്നു. അപ്പോള്‍, 200 മീറ്റര്‍ അകലെയായി കള്ളന്‍ കള്ളന്‍ എന്ന നിലവിളിയും രണ്ട് ബൈക്കുകള്‍ വേഗത്തില്‍ ഓടിച്ച് പോകുന്ന ശബ്ദവും കേള്‍ക്കുകയായിരുന്നു.ഇതേ തുടര്‍ന്ന് വെങ്കിടേഷ് ഇവരെ ബൈക്കില്‍ പിന്തുടരുകയായിരുന്നു. തുടര്‍ന്ന് ബൈക്ക് കൊണ്ട് ഒരു മോഷ്ടാവിന്റെ ബൈക്കില്‍ ഇടിക്കുകയും അയാളെ നിലത്ത് വീഴ്ത്തുകയുമായിരുന്നു. രണ്ടാമത്തെ ബൈക്കിലുള്ളവര്‍ ഈ സമയം രക്ഷപ്പെട്ടെങ്കിലും പിടിയിലായ അരുണ്‍ ദയാളിന്റെ മൊഴി അനുസരിച്ച് മറ്റുള്ളവരേയും പിടികൂടുകയായിരുന്നു.

Latest News