കൊണ്ടോട്ടി- നാല്‍പ്പത് ദിവസത്തോളം ദൈര്‍ഘ്യമുള്ള വിദേശ യാത്രക്കു പുറപ്പെടുന്ന ഹജ് തീര്‍ഥാടകര്‍ക്ക് കരുതലായി ഹജ് ക്യാംപില്‍ മെഡിക്കല്‍ സംഘം. ക്യാംപിലെത്തുന്ന തീര്‍ഥാടകര്‍ക്ക് ആരോഗ്യപരമായി പ്രയാസം അനുഭവപ്പെടുകയാണെങ്കില്‍ യാത്ര പുറപ്പെടും മുമ്പ് അവ കണ്ടെത്തി, ചികിത്സിച്ചു ഭേദമാക്കുന്നതിനാവശ്യമായ ചികിത്സാ സൗകര്യങ്ങളും മരുന്നുകളുമാണ് മെഡിക്കല്‍ സെന്ററില്‍ സജീകരിച്ചിട്ടുള്ളത്.
രോഗ പരിചരണത്തിന് പ്രത്യേക മെഡിക്കല്‍ ഒബ്‌സര്‍വേഷന്‍ റൂമും സെന്ററിലുണ്ട്. സ്ഥിരമായി യാത്രയിലും മറ്റും ആവശ്യമായി വന്നേക്കാവുന്ന മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പോടെ തീര്‍ഥാടകര്‍ക്ക് ലഭ്യമാക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സൗദി അറേബ്യയിലെ നിലവിലെ കാലാവസ്ഥയില്‍ ശ്രദ്ധിക്കേണ്ട രോഗപ്രതിരോധ നടപടികള്‍, ഭക്ഷണം, ശുചിത്വം തുടങ്ങിയവയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവ ആസ്പദമാക്കി പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങളും മെഡിക്കല്‍ സെന്റര്‍ വഴി തീര്‍ഥാടകര്‍ക്ക് നല്‍കുന്നുണ്ട്.
ഇന്‍സുലിന്‍ ഉപയോഗിക്കുന്ന തീര്‍ഥാടകര്‍ക്ക് അവ സൂക്ഷിക്കുന്നതിന് പ്രത്യേക റഫ്രിജറേറ്റര്‍ സംവിധാനവും അനുബന്ധമായി തയാറാക്കിയിട്ടുണ്ട്. ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ്, അറ്റന്‍ഡര്‍ എന്നിവര്‍ക്ക് പുറമെ എം.എല്‍.എച്ച്.പി സ്റ്റാഫിന്റെ സാന്നിധ്യവും സെന്ററിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ്, ജില്ലാ ആശുപത്രി, ജില്ലയിലെ വിവിധ താലൂക്ക് ആശുപത്രികള്‍, പ്രധാന ബ്ലോക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലെ ഡോക്ടര്‍മാരുടേയും അനുബന്ധ ജീവനക്കാരുടേയും സേവനമാണ് വിവിധ ഷിഫ്റ്റുകളിലായി ഹജ് ക്യാംപില്‍ പ്രയോജനപ്പെടുത്തുന്നത്.
കൊണ്ടോട്ടി ഗവ. താലൂക്ക് ആശുപത്രിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി. കൃഷ്ണന്‍, യു. അബ്ദുല്‍ റഊഫ് എന്നിവരാണ് ക്യാംപിലെ മെഡിക്കല്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. അലോപ്പതി, ഹോമിയോ, ആയുര്‍വേദം, യൂനാനി, സിദ്ധ എന്നീ വിവിധ മേഖലകളിലെ ചികിത്സാ സൗകര്യങ്ങള്‍ ഹജ് ക്യാംപില്‍ ലഭ്യമാണ്. സേവനങ്ങള്‍ പൂര്‍ണമായും സൗജന്യമാണ്.