Sorry, you need to enable JavaScript to visit this website.

അവർ മുഖാമുഖം തന്നെയാണ് നിൽക്കേണ്ടത്

ജനാധിപത്യത്തെ മുന്നോട്ടു നയിക്കുന്നത്, നയിക്കേണ്ടത് രാഷ്ട്രീയ പ്രവർത്തകരാണെങ്കിൽ ആ പ്രക്രിയയെ നിരന്തരമായി വീക്ഷിക്കുകയും വിമർശന വിധേയമാക്കുകയും ജനങ്ങളെ അറിയിക്കുകയും ചെയ്യേണ്ടത് മാധ്യമങ്ങളാണ്. അതിനാൽ ഇവർക്കിടയിൽ എന്നും പ്രശ്‌നങ്ങളുണ്ടാകും. പ്രത്യേകിച്ച് ഭരണത്തെ നിയന്ത്രിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും തമ്മിൽ. ഇക്കാരണം കൊണ്ടാണല്ലോ ഭരണകൂടത്തിന്റെ ഭാഗമല്ലെങ്കിൽ കൂടി മാധ്യമങ്ങൾക്ക് ജനാധിപത്യത്തിന്റെ നാലാം തൂൺ, ഫോർത്ത് എസ്റ്റേറ്റ് എന്ന പേരു വീണതു തന്നെ.

 

അടുത്ത ദിവസം പുറത്തു വന്ന ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ (150), അഫ്ഗാനിസ്ഥാൻ (152), ശ്രീലങ്ക (135), നേപ്പാൾ (95) എന്നിവക്ക് താഴെ 180 ൽ 161 ആണ് ഇന്ത്യയുടെ സ്ഥാനം. ഒരു വർഷത്തിനിടയിൽ ഇന്ത്യ 11 സ്ഥാനം താഴേക്കു പോകുകയാണുണ്ടായത്. സംഘപരിവാർ ഭരണം മുന്നോട്ടു പോകുംതോറും നമ്മുടെ സ്ഥാനം കൂടുതൽ കൂടുതൽ താഴേക്കു പോകുമെന്നുറപ്പ്.  നോർവേ, അയർലൻഡ്, ഡെൻമാർക്ക് എന്നീ രാജ്യങ്ങൾക്കാണ് ആദ്യ മൂന്ന് സ്ഥാനങ്ങൾ. ഇപ്പോൾ കേരളത്തിൽ മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് ഏറെ ചർച്ചകൾ നടക്കുകയാണല്ലോ. രസകരമായ ഒരു കാര്യം ഇടതുപക്ഷമെന്നൊക്കെ അവകാശപ്പെടുന്ന വിയറ്റ്‌നാം, ചൈന, ഉത്തര കൊറിയ എന്നീ രാജ്യങ്ങൾ പട്ടികയിൽ  അവസാന മൂന്ന് സ്ഥാനങ്ങളിലാണെന്നാണ്. 

ഇത്തരമൊരു പശ്ചാത്തലത്തിലാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്ന ചർച്ചകളെയും വിവാദങ്ങളെയും നോക്കിക്കാണാൻ. മാധ്യമങ്ങൾക്കെതിരെ സംഘടിതമായ ഒരു യുദ്ധം തന്നെയാണ് സിപിഎം നേതൃത്വത്തിൽ നടക്കുന്നത്. തീർച്ചയായും ഒരാൾക്കെതിരെ ഗൂഢാലോചന നടത്തി അപകീർത്തികരമായ വാർത്തകൾ പ്രചരിപ്പിച്ചു എന്ന, അവരുന്നയിക്കുന്ന ആരോപണം ശരിയാണെങ്കിൽ ഇത്തരമൊരു ആക്രമണത്തിനു പ്രസക്തിയുണ്ട്. എന്നാൽ എന്താണ് സംഭവിച്ചത്? ഏഷ്യനെറ്റ് റിപ്പോർട്ടർ അഖില നന്ദകുമാർ നടത്തിയത്  മഹാരാജാസ് കോളേജിൽ നിന്നുള്ള ലൈവ് റിപ്പോർട്ടായിരുന്നു. വിവാദമായ ആർഷോയുടെ മാർക്ക് ലിസ്റ്റ്  വിഷയം റിപ്പോർട്ട് ചെയ്യാനല്ല അഖില അവിടെ പോയത്. മറിച്ച് വിദ്യയുടെ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് വിഷയവുമായി ബന്ധപ്പെട്ടാണ്. അതിനിടയിൽ  ഒരു  കെ.എസ്.യു പ്രവർത്തകനാണ് ആർഷോക്കെതിരെ ആരോപണം ഉന്നയിച്ചത്. അത് ഒരു ആരോപണമായി തന്നെയാണ് അഖില റിപ്പോർട്ട് ചെയ്തത്. പ്രിൻസിപ്പൽ പറഞ്ഞതും റിപ്പോർട്ട് ചെയ്തു. അതിനെയാണ്  ഗൂഢാലോചനയെന്ന് ആരോപിച്ച്  കേസെടുത്തത്. ഇതു തന്നെയാണല്ലോ യു.പി സർക്കാർ സിദ്ദീഖ് കാപ്പനെതിരെയും ചെയ്തത്. കേരളത്തിൽ ഇത്തരം സംഭവങ്ങൾ കൂടിവരികയാണ്. ഹർത്താൽ ദിവസം ആശുപത്രിയിൽ പോയിരുന്ന കുടുംബത്തെ ഓട്ടോയിൽ നിന്ന് ഇറക്കിവിട്ട സംഭവവുമായി ബന്ധപ്പെട്ട് സി.ഐ.ടി.യു നേതാവ് എളമരം കരീമിന്റെ കുടുംബത്തോടാണ് ഇതു ചെയ്തതെങ്കിലോ എന്നു ചോദിച്ച മാധ്യമ പ്രവർത്തകന്റെ പേരിലും കേസെടുത്തിരുന്നല്ലോ. അതേസമയം ടി.പി. ചന്ദ്രശേഖരനെ കൊന്നതിനു ശേഷം കൊലയാളികൾ പോയ കാർ മുസ്‌ലിം തീവ്രവാദികളുടേതാണെന്ന രീതിയിൽ വാർത്ത കൊടുത്ത മാധ്യമങ്ങൾക്കെതിരെ ഒരു നടപടിയുമുണ്ടായില്ല എന്നോർക്കണം.

ഒരു ജനാധിപത്യ സംവിധാനത്തിലെ അവിഭാജ്യ ഘടകങ്ങളാണ്, അല്ലെങ്കിൽ ആകേണ്ടതാണ് രാഷ്ട്രീയ പ്രവർത്തകരും മാധ്യമ പ്രവർത്തകരും. തീർച്ചയായും ഇവർ തമ്മിൽ സ്‌നേഹത്തോടെയുള്ള ഒരു ബന്ധം ഉണ്ടാകാനിടയില്ല. അവർ മുഖാമുഖം തന്നെയാണ് നിൽക്കേണ്ടത്. കാരണം ജനാധിപത്യത്തെ മുന്നോട്ടു നയിക്കുന്നത്, നയിക്കേണ്ടത് രാഷ്ട്രീയ പ്രവർത്തകരാണെങ്കിൽ ആ പ്രക്രിയയെ നിരന്തരമായി വീക്ഷിക്കുകയും വിമർശന വിധേയമാക്കുകയും ജനങ്ങളെ അറിയിക്കുകയും ചെയ്യേണ്ടത് മാധ്യമങ്ങളാണ്. അതിനാൽ ഇവർക്കിടയിൽ എന്നും പ്രശ്‌നങ്ങളുണ്ടാകും. പ്രത്യേകിച്ച് ഭരണത്തെ നിയന്ത്രിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും തമ്മിൽ. ഇക്കാരണം കൊണ്ടാണല്ലോ ഭരണകൂടത്തിന്റെ ഭാഗമല്ലെങ്കിൽ കൂടി മാധ്യമങ്ങൾക്ക് ജനാധിപത്യത്തിന്റെ നാലാം തൂൺ, ഫോർത്ത് എസ്റ്റേറ്റ് എന്ന പേരു വീണതു തന്നെ.
കക്ഷിരാഷ്ട്രീയത്തിന്റേതായ പക്ഷം പിടിക്കാതെ, അതേസമയം രാഷ്ട്രീയ പക്ഷം പിടിച്ച്, ഭരണകൂടത്തിന്റെ തെറ്റായ നടപടികൾക്കെതിരെ നിരന്തര വിമർശനമുന്നയിക്കുക എന്നതിനു പകരം പലപ്പോഴും കക്ഷിരാഷ്ട്രീയത്തിന്റെയും മറ്റു പല ഘടകങ്ങളുടെയും നിയന്ത്രണത്തിലാണ് ഇന്ന് മാധ്യമങ്ങൾ. അവ മിക്കതും കോർപറേറ്റുകളുടെ നിയന്ത്രണത്തിലുമാണ്. പലതും ഭരണകൂടത്തിന്റെ മെഗാഫോണുകളുമാണ്. മാത്രമല്ല, ഇന്ന് അവ വാർത്തകൾ വിപണനം ചെയ്യുന്ന വാണിജ്യ സ്ഥാപനങ്ങൾ മാത്രമാണ്. സ്വാഭാവികമായും മറ്റേതൊരു വാണിജ്യ സ്ഥാപനവും പോലെ മാധ്യമങ്ങളും ജനങ്ങൾക്കു താൽപ്പര്യമുള്ള വാർത്തകൾ ഉൽപാദിപ്പിക്കും. അതിനായി ഇപ്പോൾ ചെയ്തപോലെ മാധ്യമ നൈതികതക്കു യോജിക്കാത്ത രീതിയിൽ വാർത്തകൾ ഉൽപാദിപ്പിക്കും. ജനങ്ങൾക്ക് താൽപര്യമില്ലെങ്കിൽ അവ ഉപേക്ഷിക്കും. മറുവശത്ത് രാഷ്ട്രീയ പ്രസ്ഥാനങ്ങളാകട്ടെ അനുദിനം ജനാധിപത്യ വിരുദ്ധരായി മാറുകയാണ്. വിമർശനങ്ങളെ രാഷ്ട്രീയമായി നേരിടാതെ കായികമായും നിയമപരമായും നേരിടുന്ന അവസ്ഥയിലേക്ക് അവ മാറിയിരിക്കുന്നു. മാധ്യമങ്ങളായിരിക്കുന്നു അവരുടെ മുഖ്യ ശത്രു. ഭരണകൂടങ്ങൾക്ക് കൈയടിച്ച് പട്ടും വളയും വാങ്ങലല്ല, തെറ്റായ നയങ്ങളെ നിരന്തരമായി വീക്ഷിക്കുകയും വിമർശിക്കുകയും ചെയ്യുകയാണ് മാധ്യമങ്ങളുടെ ഉത്തരവാദിത്തമെന്നത് അവർ മറക്കുന്നു. അതിനാൽ തന്നെ അവയുടെ വായടപ്പിക്കാനുള്ള ശ്രമവും തകൃതിയായി നടക്കുന്നു. എന്തൊക്കെ പ്രശ്‌നങ്ങളുണ്ടെങ്കിലും മാധ്യമങ്ങളുടെ വാ മൂടുക എന്നത് ജനങ്ങളുടെ വാ മൂടുന്നതിനു തുല്യമാണ്. മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കുക എന്നാൽ ജനങ്ങളുടെ അറിയാനുള്ള അവകാശം നിഷേധിക്കലാണല്ലോ. അടിയന്തരാവസ്ഥക്കാലത്ത് അതിന്റെ ഭീകരത രാജ്യം കണ്ടതാണ്.

ജനങ്ങളുടെ ശബ്ദം അധികാര കേന്ദ്രങ്ങളിൽ എത്തിക്കുന്നവരാകണം മാധ്യമങ്ങൾ. അവർക്കായി ശബ്ദമുയർത്തുകയും വേണം. തിരിച്ച് സർക്കാരിന്റെ തെറ്റായ നയങ്ങളും നടപടികളും ജനങ്ങളെ അറിയിക്കുകയും വേണം. അവ എല്ലാ മാധ്യമങ്ങളും നിർവഹിക്കുന്നില്ല എന്നതു ശരി. ഏതു മേഖലയിലെയും ജീർണത ഈ മേഖലയിലുമുണ്ട്. അതു പക്ഷേ, മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കുന്നതിനു കാരണമല്ലല്ലോ. തീർച്ചയായും രാഷ്ട്രീയ പ്രവർത്തകർക്ക് തുല്യരല്ല മാധ്യമ പ്രവർത്തകർ. കള്ളനാണയങ്ങൾ നിരവധിയുണ്ടെങ്കിലും രാഷ്ട്രീയ പ്രവർത്തകർ എപ്പോഴും ജനങ്ങളോട് മറുപടി പറയാൻ ബാധ്യസ്ഥരാണ്. ചുരുങ്ങിയ പക്ഷം അഞ്ചു വർഷത്തിൽ രണ്ടോ മൂന്നോ തവണ വോട്ടിനായി ജനങ്ങളെ സമീപിക്കണമല്ലോ. മാധ്യ മപ്രവർത്തകരാകട്ടെ ഭൂരിപക്ഷം ജനങ്ങേെളയും പോലെ വേതനം വാങ്ങി ജോലി ചെയ്യുന്നവരാണ്. ഏതു ഭരണമായാലും സർക്കാരിനും അതിനെ പിന്തുണക്കുന്നവർക്കുമെതിരായ വാർത്തകളാണ് ജനം കൂടുതൽ കാണുന്നതെന്ന് എത്രയോ പഠനങ്ങൾ വന്നിട്ടുണ്ട്.  സോളാർ സമയത്ത് സരിതയുടെ പിറകിലും പിന്നീട്  സ്വപ്നയുടെ പിറകിലും മാധ്യമങ്ങൾ പായാൻ കാരണം ജനം അതു കാണാനിഷ്ടപ്പെടുന്നു എന്നതു തന്നെ. അതു ചെയ്യാതിരിക്കാമല്ലോ എന്നു ചോദിക്കാം. എന്നാൽ വാണിജ്യ രംഗത്തെ മത്സരത്തിൽ അതേ കഴിയൂ. അല്ലെങ്കിൽ സ്ഥാപനം അടച്ചുപൂട്ടേണ്ടിവരും.  അതേസമയം മത്സരം മൂലം ഒരു വാർത്തയും ജനങ്ങളിൽ നിന്ന് മാറച്ചുവെക്കാനാകാത്ത അവസ്ഥയും സംജാതമായിട്ടുണ്ട്. 
ലോകതലത്തിൽ തന്നെ മാധ്യമ സ്വാതന്ത്ര്യം അഗീകരിക്കുന്നതിൽ ഇടതുപക്ഷം പിറകിൽ തന്നെയാണെന്നതിൽ സംശയമില്ല. ആരംഭത്തിൽ സൂചിപ്പിച്ച കണക്കു മാത്രമല്ല അതിനു തെളിവ്. കമ്യൂണിസ്റ്റ് രാഷ്ട്രങ്ങൾ എന്നറിയപ്പെട്ടിരുന്ന ഒരു രാജ്യത്തും മാധ്യമ സ്വാതന്ത്ര്യം എന്തിന് രാഷ്ട്രീയ പ്രവർത്തന സ്വാതന്ത്ര്യം പോലും  നിലവിലുണ്ടായിരുന്നില്ല. പകരം സർക്കാർ മാധ്യമങ്ങൾ മാത്രമാണുണ്ടായിരുന്നത്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നിലപാടനുസരിച്ച് അതങ്ങനെ വരാതെ സാധ്യമല്ല. ഇന്ത്യയിൽ ഇപ്പോഴും ജനാധിപത്യ സംവിധാനം നിലനിൽക്കുന്നതുകൊണ്ടും കേരളം ഇന്ത്യയുടെ ഭാഗമായതുകൊണ്ടും മാത്രമാണ് ഇടതുപക്ഷം മാധ്യമ സ്വാതന്ത്ര്യം അംഗീകരിക്കുന്നു എന്നു പറയുന്നത് എന്നതു കൂടി ഈ സംഭവ വികാസങ്ങളുമായി കൂട്ടിവായിക്കേണ്ടതാണ്. 

Latest News