Sorry, you need to enable JavaScript to visit this website.

ഡിജിറ്റല്‍ യുഗത്തില്‍ സി.എക്കാർക്ക് കൂടുതല്‍ സാമൂഹിക ഉത്തരവാദിത്തം- ഹൈബി ഈഡന്‍

കൊച്ചി- ഡിജിറ്റല്‍ സാമ്പത്തിക കാലഘട്ടത്തില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരുടെ പ്രാധാന്യം വളരെ വലുതാണെന്നും ഈ രംഗത്തേക്ക് കടന്നു വരുന്നവര്‍ക്ക് കൂടുതല്‍ സാമൂഹിക ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കേണ്ടതുണ്ടെന്നും ഹൈബി ഈഡന്‍ എം. പി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയുടെ (ഐ. സി. എ. ഐ) ആഭിമുഖ്യത്തില്‍ ആരംഭിച്ച ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വിദ്യാര്‍ഥികളുടെ ദേശീയ ദ്വിദിന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ഒരു കാലത്ത് കൊമേഴ്സ് മേഖല ഏറെ പിന്നിലായിരുന്നെങ്കില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരെ പോലെയുളള പ്രൊഫഷണല്‍ വിദഗ്ധരുടെ വളര്‍ച്ച ഇന്ന് കൊമേഴ്സ് വിദ്യാഭ്യാസ രംഗത്തെ ഏറ്റവും മൂല്യമുളള ഒന്നാക്കി മാറ്റി. ഇതര പ്രൊഫഷണല്‍ കോഴ്സുകളെ അപേക്ഷിച്ച് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് എന്നത്  ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഏറ്റവും ആദരണീയമായ തൊഴില്‍ മേഖലയാണെന്നും ഹൈബി പറഞ്ഞു. 

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ ന്യൂഡല്‍ഹിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം ബ്രാഞ്ചിന്റെ സഹകരണത്തോടെയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. അഖിലേന്ത്യ സ്റ്റുഡന്റ്സ് സ്‌കില്‍സ് എന്റിച്ച്മെന്റ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ശ്രീധര്‍ മുപ്പല  അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് മുഖ്യാതിഥിയായിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം കോത്ത എസ് ശ്രീനിവാസ്, മുന്‍ കേന്ദ്ര കമ്മിറ്റി അംഗം ബാബു എബ്രഹാം കള്ളിവയലില്‍, ദക്ഷിണേന്ത്യന്‍ കൗണ്‍സില്‍ അംഗം പി. സതീശന്‍,  എറണാകുളം ബ്രാഞ്ച് ചെയര്‍പേഴ്സണ്‍ ദീപ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. സി. എ. സ്റ്റുഡന്റസ് അസോസിയേഷന്‍ എറണാകുളം ബ്രാഞ്ച് ചെയര്‍പേഴ്സണ്‍ ടോണി വര്‍ഗീസ് സ്വാഗതവും സെക്രട്ടറി സായ്കൃപ നന്ദിയും പറഞ്ഞു.
 

Latest News