Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയുടെ അഭിമാനം ഉയര്‍ത്തിയ അവര്‍ റിയാദില്‍ തിരിച്ചെത്തി, ഊഷ്മള സ്വീകരണം

റിയാദ് - സൗദി ബഹിരാകാശ യാത്രികരായ റയാന ബര്‍നാവി, അലി അല്‍ഖര്‍നി, മര്‍യം ഫിര്‍ദൗസ്, അലി അല്‍ഗാംദി എന്നിവര്‍ക്ക് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീരോചിത സ്വീകരണം. ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി ആദ്യമായി സ്വദേശത്ത് തിരിച്ചെത്തിയ റയാന ബര്‍നാവിയെയും അലി അല്‍ഖര്‍നിയെയും മര്‍യം ഫിര്‍ദൗസിനെയും അലി അല്‍ഗാംദിയെയും കമ്മ്യൂണിക്കേഷന്‍സ്, ഐ.ടി മന്ത്രിയും സൗദി സ്‌പേസ് ഏജന്‍സി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ എന്‍ജിനീയര്‍ അബ്ദുല്ല അല്‍സവാഹ, സൗദി സംയുക്ത സേനാ മേധാവി ജനറല്‍ ഫയാദ് അല്‍റുവൈലി, കിംഗ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി പ്രസിഡന്റ് ഡോ. മുനീര്‍ അല്‍ദസൂഖി, സൗദി സ്‌പേസ് ഏജന്‍സി വൈസ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് അല്‍തമീമി, കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ആന്റ് റിസേര്‍ച്ച് സെന്റര്‍ സി.ഇ.ഒ ഡോ. മാജിദ് അല്‍ഫയാദ് എന്നിവര്‍ ചേര്‍ന്ന് ഊഷ്മളമായി സ്വീകരിച്ചു. ബഹിരാകാശ സഞ്ചാരികളെ സ്വീകരിക്കാന്‍ ബന്ധുക്കളും വിമാനത്താവളത്തിലെത്തിയിരുന്നു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നയിച്ച ശാസ്ത്ര ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി റയാന ബര്‍നാവിയും അലി അല്‍ഖര്‍നിയും സ്വദേശത്ത് തിരിച്ചെത്തിയതായി സൗദി സ്‌പേസ് ഏജന്‍സി പറഞ്ഞു. ഇരുവരും പൂര്‍ത്തിയാക്കിയ ശാസ്ത്ര ദൗത്യത്തിന്റെ ഫലങ്ങള്‍ മാനവരാശിക്ക് പ്രയോജനപ്പെടും. കൂടാതെ ബഹിരാകാശ ഗവേഷണത്തിലും ശാസ്ത്ര മേഖലയിലും സൗദി അറേബ്യയുടെ സ്ഥാനം മെച്ചപ്പെടുത്തുകയും സൗദി യുവാക്കള്‍ക്ക് വിവിധ മേഖലകളില്‍ പ്രചോദനത്തിന്റെ ഉറവിടമായി മാറുകയും ചെയ്യും.
കിരീടാവകാശിയും സുപ്രീം കൗണ്‍സില്‍ ഫോര്‍ സ്‌പേസ് പ്രസിഡന്റുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ പിന്തുണയോടെ ഈ ശാസ്ത്ര യാത്രയില്‍ കൈവരിച്ച നേട്ടങ്ങള്‍ സൗദി അറേബ്യക്ക് അഭിമാനമാണ്. മാനവരാശിയെ സേവിക്കുന്ന പുതിയ ചക്രവാളങ്ങളിലെത്തിപ്പെടാന്‍ ഭാവി തലമുറകളെ പ്രചോദിപ്പിക്കുന്ന സൗദി ബഹിരാകാശ യാത്രികരുടെ യോഗ്യത അടക്കം രാജ്യം ഉന്നമിടുന്ന നിരവധി ലക്ഷ്യങ്ങള്‍ ഈ ദൗത്യത്തില്‍ കൈവരിച്ചതായും സൗദി സ്‌പേസ് ഏജന്‍സി പറഞ്ഞു.
മൂന്നു ദിവസങ്ങളിലായി നടത്തിയ മൂന്നു വിദ്യാഭ്യാസ ബോധവല്‍ക്കരണ പരീക്ഷണങ്ങള്‍ അടക്കം മൈക്രോ ഗ്രാവിറ്റിയില്‍ 14 ശാസ്ത്ര ഗവേഷണ പരീക്ഷണങ്ങള്‍ നടത്തി മെയ് 31 ന് ആണ് റയാന ബര്‍നാവിയും അലി അല്‍ഖര്‍നിയും ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി ഭൂമിയില്‍ തിരിച്ചെത്തിയത്. വിദ്യാഭ്യാസ ബോധവല്‍ക്കരണ പരീക്ഷണങ്ങളില്‍ രാജ്യത്തെ 47 സ്ഥലങ്ങളില്‍ 12,000 വിദ്യാര്‍ഥികള്‍ സാറ്റലൈറ്റ് വഴി പങ്കെടുത്തിരുന്നു.
ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനിലേക്കുള്ള ആക്‌സിയം സ്‌പേസിന്റെ രണ്ടാമത്തെ സ്വകാര്യ ബഹിരാകാശ യാത്രാ ദൗത്യമായ എ.എക്‌സ്-2 ബഹിരാകാശ ദൗത്യ സംഘത്തിന്റെ ഭാഗമായാണ് റയാന ബര്‍നാവിയും അലി അല്‍ഖര്‍നിയും ബഹിരാകാശ യാത്ര നടത്തിയത്. ഭൗമനിലയം കേന്ദ്രീകരിച്ച് ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുന്ന ചുമതലയാണ് മര്‍യം ഫിര്‍ദൗസും അലി അല്‍ഗാംദിയും വഹിച്ചത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ശാസ്ത്ര ദൗത്യത്തില്‍ പങ്കെടുത്ത ആദ്യത്തെ സൗദി, അറബ്, മുസ്‌ലിം വനിതയാണ് റയാന ബര്‍നാവി. 1985 ല്‍ വ്യോമസേനാ പൈലറ്റ് ആയിരുന്ന സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അമേരിക്ക സംഘടിപ്പിച്ച ബഹിരാകാശ യാത്രയില്‍ പങ്കെടുത്ത് ആദ്യ സൗദി ബഹികാശ യാത്രികനായി മാറിയിരുന്നു.

 

 

Latest News