തിരുവനന്തപുരം- സംഘപരിവാർ ശക്തികൾ രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഉന്മൂലന അജണ്ടക്കെതിരെ പുതിയ പ്രക്ഷോഭങ്ങളുമായി മതേതര കൂട്ടായ്മ രൂപം കൊള്ളണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ ഷഫീഖ്. ജനാധിപത്യത്തെ കൊല്ലുന്ന സംഘപരിവാർ തേർവാഴ്ചയ്‌ക്കെതിരെ അണിനിരക്കുക എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റി പെരുമാതുറ സിറ്റിയിൽ സംഘടിപ്പിച്ച ജനകീയ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്വേഷം പ്രചരിപ്പിച്ച് അധികാരം നിലനിർത്താനുള്ള സംഘപരിവാർ ശക്തികൾക്കുള്ള തിരിച്ചടിയാണ് കർണാടക തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.
ഹിന്ദുത്വ ദേശീയത ഉയർത്തിപ്പിടിച്ച് ഹിന്ദു ഏകീകരണമാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇന്ത്യയെ ഒരു പ്രത്യേക ദിശയിലേക്ക് കൊണ്ടുപോകുകയാണ് സംഘപരിവാറിന്റെ ലക്ഷ്യം .അതിനായി ചില സമുദായങ്ങളെ അപരവൽക്കരിക്കുകയാണ്.
ഇതിനെതിരെ ജനാധിപത്യ പ്രതിരോധം തീർക്കണം.ഒന്നിപ്പിന്റെ രാഷ്ട്രീയമാണ് വെൽഫെയർ പാർട്ടി ജനങ്ങളോട് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വെൽഫെയർ പാർട്ടി ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് അനസ് എം. ബഷീർ അധ്യക്ഷത വഹിച്ചു.
വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് അഷ്‌റഫ് കല്ലറ, വൈസ് പ്രസിഡന്റ് അഡ്വ. അനിൽകുമാർ, സെക്രട്ടറി മഹേഷ് തോന്നയ്ക്കൽ, ഫ്രറ്റേണിറ്റി മൂവ്‌മെൻറ് മണ്ഡലം പ്രസിഡന്റ് ഫൈസൽ പള്ളിനട, മുഹമ്മദ് ഷാഫി എന്നിവർ സംസാരിച്ചു. അംജദ് റഹ്മാൻ, റാസി, ബഷീർ, ഹുസൈൻ, സഫീർ എന്നിവർ നേതൃത്വം നൽകി