കണ്ടവരുണ്ടോ പ്രധാനമന്ത്രിയെ; പോസ്റ്ററുമായി കോണ്‍ഗ്രസ്

ന്യൂദല്‍ഹി- പ്രധാനമന്ത്രിയെ കണ്ടവരുണ്ടോ എന്ന പോസ്റ്ററുമായി കോണ്‍ഗ്രസ് പ്രതിഷേധം. മണിപ്പൂരില്‍ വര്‍ഗ്ഗീയ കലാപം ഒന്നരമാസമായി തുടരുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോഡി മൗനത്തിലാണെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. 

മണിപ്പൂരില്‍ സമാധാനം സ്ഥാപിക്കാന്‍ ആഭ്യന്തര മന്ത്രി അമിത്ഷാ ആവശ്യപ്പെട്ട പതിനഞ്ച് ദിവസം വെള്ളിയാഴ്ച അവസാനിക്കുന്നതിന്റെ പശ്ചാതലത്തിലാണ് കോണ്‍ഗ്രസ് പ്രതിഷേധം നടത്തുന്നത്. 

മണിപ്പൂരിലെ സംഘര്‍ഷം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് സാധിക്കുന്നില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മണിപ്പൂരിലെത്തിയെങ്കിലും അതിനു പിന്നാലെയും നിരവധി ആക്രമണങ്ങളാണ് നടന്നത്.
 
കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപക ആക്രമണങ്ങളാണ് മണിപ്പൂരില്‍ അരങ്ങേറിയത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ആര്‍. കെ. രഞ്ജന്‍ സിംഗ് കേരളത്തില്‍ സന്ദര്‍ശനം നടത്തവെ അദ്ദേഹത്തിന്റെ വീട് അഗ്നിക്കിരയാക്കുകയായിരുന്നു. 

മണിപ്പൂരില്‍ ഇതുവരെ 253 കൃസ്ത്യന്‍ ചര്‍ച്ചുകളാണ് അഗ്നിക്കിരയായതെന്ന് ഗോത്രവര്‍ഗ്ഗ കൂട്ടായ്മയായ ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം പറഞ്ഞു. 253 ചര്‍ച്ചുകള്‍ കത്തിച്ചിട്ടും മാധ്യമങ്ങള്‍ ഉള്‍പ്പെടെ വിഷയത്തെ കാര്യമായി പരിഗണിക്കുന്നില്ലെന്ന് അധ്യാപകനും എഴുത്തുകാരനുമായ അശോക് സ്വയ്ന്‍ രംഗത്തെത്തി. ഇത് ചൈനയിലോ പാകിസ്താനിലോ ആയിരുന്നെങ്കില്‍ പാശ്ചാത്യ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വിഷയത്തെ എങ്ങനെ സമീപിക്കുമെന്നും അദ്ദേഹം ചോദിച്ചു.

Latest News