മക്ക - സംശയകരമായ സാഹചര്യത്തിൽ കാറിൽ സഞ്ചരിച്ച രണ്ടംഗ സംഘത്തിൽ ഒരാൾ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. അൽകർ-മക്ക റോഡിലൂടെ നമ്പർ പ്ലേറ്റുകളില്ലാത്ത കാർ അമിത വേഗതയിൽ സഞ്ചരിക്കുന്നത് വെള്ളിയാഴ്ച രാത്രി പോലീസുകാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. കാറിന്റെ ചില്ലുകൾ കൂളിംഗ് ഫിലിം ഒട്ടിച്ച് പൂർണമായും മറച്ച നിലയിലായിരുന്നു. അൽഖവാജാത്ത് ചെക്ക് പോസ്റ്റിൽ വെച്ച് കാർ തടഞ്ഞുനിർത്തുന്നതിന് സുരക്ഷാ സൈനികർ ശ്രമിച്ചെങ്കിലും ഉച്ചഭാഷിണിയിലൂടെയുള്ള പോലീസുകാരുടെ ആവർത്തിച്ചുള്ള നിർദേശം അവഗണിച്ച് കാറിലുള്ളവർ രക്ഷപ്പെടുന്നതിന് ശ്രമിച്ചു.
ഇതോടെയാണ് കാറിനു നേരെ സുരക്ഷാ സൈനികർ നിറയൊഴിച്ചത്. വെടിയുണ്ടകളിൽ ഒന്ന് കാർ യാത്രക്കാരിൽ ഒരാളുടെ ദേഹത്ത് കൊള്ളുകയും ഇയാൾ മരണപ്പെടുകയും ചെയ്തു. ഇതോടെ ഡ്രൈവർ കാർ നിർത്തി കീഴടങ്ങി. ഡ്രൈവറെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. സംഭവത്തിൽ സുരക്ഷാ വകുപ്പുകൾ അന്വേഷണം തുടരുകയാണ്.