Sorry, you need to enable JavaScript to visit this website.

എസ്.എഫ്.ഐ നേതാവ് ധീരജിനെ കൊലപ്പെടുത്തിയ കേസ്: രണ്ട് പ്രതികളുടെ വിടുതല്‍ ഹരജി തളളി

തൊടുപുഴ- എസ് .എഫ് .ഐ നേതാവ് ധീരജിന്റെ വധക്കേസിലെ രണ്ട് പ്രതികളുടെ വിടുതല്‍ ഹര്‍ജി ജില്ലാ സെഷന്‍സ് കോടതി തള്ളി. കേസിലെ ഏഴും എട്ടും പ്രതികളായ കൊന്നത്തടി മുല്ലപ്പള്ളില്‍ ജെസിന്‍ ജോയ് (22), വെള്ളയാംകുടി പൊട്ടനാനിയില്‍ അലന്‍ ബേബി (25) എന്നിവര്‍ക്കെതിരായാണ് ജഡ്ജി പി. എസ് ശശികുമാറിന്റെ വിധി. ഇവര്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരല്ല. മൂന്നുമുതല്‍ അഞ്ചുവരെ പ്രതികളായവരെ സഹായിക്കുകയും വസ്ത്രവും മൊബൈല്‍ ഫോണും ഒളിപ്പിക്കുകയും  തെളിവ് നശിപ്പിക്കുകയും ചെയ്‌തെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.
      നാലാം പ്രതി നിഥിനെ സ്ഥലത്തുനിന്ന് മാറ്റാന്‍ ഇന്നോവ കാറുമായെത്തിയതും തൊടുപുഴയിലെത്തിച്ച് പണം നല്‍കിയതും ജെസിനാണ്. മൂന്നും അഞ്ചും പ്രതികളായ ജിതിനെയും ടോണിയെയും ഇന്നോവ കാറില്‍ എറണാകുളത്തെത്തിച്ചതും എല്ലാ സഹായങ്ങളും ചെയ്തുനല്‍കിയതും അലനാണ്. ഇവരുടെ മൊബൈല്‍ ഫോണ്‍ മാറ്റിയതും ഇയാള്‍ തന്നെ. കേസില്‍ രണ്ടുപേര്‍ക്കുമുള്ള പങ്ക്  ജില്ലാ സെഷന്‍സ് കോടതിക്ക് വ്യക്തമായതോടെയാണ് വെറുതേ വിടണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി തള്ളിയത്.
എട്ട് പ്രതികളുണ്ടായിരുന്ന കേസിലെ ഒന്നാംപ്രതി നിഖില്‍ പൈലി ഒഴികെയുള്ളവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. 2022 ജനുവരി 10ന് ആണ് പൈനാവ് എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ഥി ധീരജ് കോളജിന് സമീപം കൊല്ലപ്പെട്ടത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സൂരജ് .എം. കര്‍ത്തയും പ്രതികള്‍ക്കായി അഡ്വ. എസ് .അശോകനും  ഹാജരായി.

 

Latest News