സിക്കിമില്‍ മിന്നല്‍ പ്രളയം

ഗാങ്‌ടോക്- വടക്കന്‍ സിക്കിമില്‍ മിന്നല്‍ പ്രളയം. വ്യാഴാഴ്ച രാത്രി മുതല്‍ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് പെഗോങ്ങിലെ ദേശീയ പാത 10 വെള്ളത്തില്‍ മുങ്ങി.

സമീപ പ്രദേശങ്ങളിലെ എല്ലാ നദികളും നിറഞ്ഞു കവിഞ്ഞാണ് ഒഴുകുന്നത്. ഇതോടെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

ലാച്ചന്‍, ലാചുങ് മേഖലകള്‍ പ്രളയത്തെ തുടര്‍ന്ന് പൂര്‍ണമായും ഒറ്റപ്പെട്ടു. ഗാങ്‌ടോക്- നാഥുല പാതയില്‍ മണ്ണിടിച്ചിലുണ്ടായതും ഗതാഗതം തടസ്സപ്പെടുത്തി.  സോംഗോ തടാകം, ബാബാ മന്ദിര്‍, നാഥുല, വടക്കന്‍ സിക്കിം എന്നിവിടങ്ങളിലേക്കുള്ള ടൂറിസ്റ്റ് പെര്‍മിറ്റുകളെല്ലാം ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു.

Latest News