Sorry, you need to enable JavaScript to visit this website.

മറുനാടന്‍ മലയാളിയെ ശ്വാസം മുട്ടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നു-ചെന്നിത്തല

കോഴിക്കോട്- മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിനെ ശ്വാസംമുട്ടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അവരുടെ വാര്‍ത്തകള്‍ക്കെതിരെ പരാതിയുണ്ടെങ്കില്‍ നിയമപരമായാണ് നേരിടേണ്ടത്. അതിനു പകരം അവരെ ശ്വാസംമുട്ടിക്കാനും ഭീഷണിപ്പെടുത്താനുമുള്ള നീക്കം കേരളം പോലുള്ള സംസ്ഥാനത്ത് ഒരിക്കലും അനുവദിച്ചുകൊടുക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

കേരളം ഒരിക്കലും കണ്ടിട്ടില്ലാത്ത മാധ്യമവേട്ടയാണ് ഇപ്പോള്‍ നടക്കുന്നത്. സര്‍ക്കാരിന്റെ അഴിമതിയും കൊള്ളരുതായ്മയും പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങളുടെ വാ മൂടിക്കെട്ടാനുള്ള നീക്കമാണ് കേരളത്തില്‍ നടക്കുന്നത്. മാധ്യമപ്രവര്‍ത്തകരുടെ പേരില്‍ കേസെടുക്കാന്‍ നിന്നാല്‍ അവരെങ്ങനെ പ്രവര്‍ത്തിക്കും. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ് മാധ്യമപ്രവര്‍ത്തകരുടെ ഉത്തരവാദിത്തം. ഇത് നിറവേറ്റുമ്പോള്‍ അവരുടെ പേരില്‍ കേസെടുക്കുന്ന സാഹചര്യം കേരളത്തില്‍ ആദ്യമായാണ്. ഏതു വാര്‍ത്തയും റിപ്പോര്‍ട്ട് ചെയ്യാനുള്ള അധികാരവും അവകാശവും മാധ്യമപ്രവര്‍ത്തകര്‍ക്കുള്ളതാണ്.

സര്‍ക്കാരിന്റെ അഴിമതി, കൊള്ളകള്‍ മാര്‍ക്ക് തട്ടിപ്പ് പോലുള്ള സംഭവങ്ങള്‍, വ്യാജ നിയമനങ്ങള്‍ എന്നിവയെല്ലാം പുറത്തുകൊണ്ടുവരുന്ന മാധ്യമപ്രവര്‍ത്തകരെ വേട്ടയാടാനുള്ള സര്‍ക്കാരിന്റെ നീക്കം അപകടകരമാണ്. ജനാധിപത്യത്തില്‍ മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ്. മാധ്യമപ്രവര്‍ത്തകരാണ് ജനങ്ങളെ കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുന്നത്. സര്‍ക്കാരിന് ഹിതകരമല്ലാത്ത വാര്‍ത്തകള്‍ മറച്ചുവെക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താനായി ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന നീക്കം. മുഖ്യമന്ത്രിക്ക് ഹിതകരമല്ലാത്ത വാര്‍ത്തകള്‍ വരുമ്പോള്‍ മാധ്യമങ്ങളെ പഴിക്കുകയും അവരെ നിലക്കു നിര്‍ത്താന്‍ ശ്രമിക്കുകയുമാണ് ചെയ്യുന്നത്. സി.പി.എം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി ഡല്‍ഹിയിലെ മാധ്യമവേട്ടക്കെതിരെ സംസാരിക്കുമ്പോള്‍ കേരളത്തിലെ മാധ്യമ വേട്ടയെ കുറിച്ച് മിണ്ടുന്നില്ല. നരേന്ദ്ര മോദിയും പിണറായി വിജയനും ഒരുപോലെ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത മാധ്യമപ്രവര്‍ത്തകരുടെ മേല്‍ കുതിരകയറുകയും അവരെ നിശബ്ദമാക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഏഷ്യാനെറ്റ് ലേഖിക അഖില ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയാണുണ്ടായത്. നേരത്തെ വിനു വി. ജോണ്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തു. മാധ്യമങ്ങള്‍ ഞങ്ങളെയൊക്കെ വിമര്‍ശിക്കാറുണ്ട്. ആ സമയത്ത് അവരെ കല്ലെറിയാനും അവരെ അറസ്റ്റ് ചെയ്യാനും കേസെടുക്കാനുമുള്ള ഒരു നീക്കവും ഞങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പുതിയൊരു സംസ്‌കാരം കേരളത്തില്‍ വളര്‍ത്തിയെടുക്കാന്‍ സി.പി.എം ശ്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

 

Latest News