ആന്ധ്രാപ്രദേശില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ജീവനോടെ ചുട്ടുകൊന്നു

അമരാവതി - ആന്ധ്രാപ്രദേശിലെ ബപട്ല ജില്ലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ജീവനോടെ ചുട്ടുകൊന്നു. ചെറുകുപള്ളി മണ്ഡലത്തിലെ രാജവോലു ഗ്രാമത്തിലെ അമര്‍നാഥ് (15) ആണ് കൊല്ലപ്പെട്ടത്.  സൈക്കിളില്‍ ട്യൂഷന് പോകുകയായിരുന്ന അമര്‍നാഥിനെ ചില യുവാക്കള്‍ തടഞ്ഞു നിര്‍ത്തി കുട്ടിയുടെ മേല്‍ പെട്രോള്‍ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. സംഭവത്തിനു ശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ടു. കുട്ടിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ അമര്‍നാഥിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെങ്കിടേശ്വര റെഡ്ഡി എന്ന യുവാവും  സുഹൃത്തുക്കളും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. വെങ്കിടേശ്വര റെഡ്ഡി അമര്‍നാഥിന്റെ സഹോദരിയെ ശല്യം ചെയ്തിരുന്നതായി കുടുംബം പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായിരുന്ന തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

 

Latest News