Sorry, you need to enable JavaScript to visit this website.

സിദ്ധരാമയ്യക്കും ഡി.കെക്കുമെതിരായ കോവിഡ് ചട്ട ലംഘന കേസ് ഹൈക്കോടതി റദ്ദാക്കി

ബംഗളൂരു- കോവിഡ് 19 നിയന്ത്രണങ്ങള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനുമെതിരെ ഫയല്‍ ചെയ്തിരുന്ന കേസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി.2022 ജനുവരിയില്‍ പ്രതിപക്ഷത്തായിരിക്കെ മേക്കേദാട്ടു പദയാത്രക്കിടെയാണ് രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും മറ്റ് നിരവധി പേര്‍ക്കെതിരെയും കര്‍ണാടക എപ്പിഡെമിക് ഡിസീസ് ആക്ട്, ഐപിസി എന്നിവ പ്രകാരം കേസ് ഫയല്‍ ചെയ്തിരുന്നത്.  
കര്‍ണാടക എപ്പിഡെമിക് ഡിസീസ് ആക്ട് പ്രകാരം പദയാത്രയും അത്തരം പ്രവര്‍ത്തനങ്ങളും തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടില്ലെന്ന് ജസ്റ്റിസ് എം നാഗപ്രസന്ന ചൂണ്ടിക്കാട്ടി. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ ശിവകുമാറിനെതിരെ ആരംഭിച്ച മറ്റ് നാല് നടപടികളും ഹൈക്കോടതി റദ്ദാക്കി.
സിദ്ധരാമയ്യക്കും ശിവകുമാറിനും മറ്റ് പതിനൊന്ന് പേര്‍ക്കുമെതിരെ രാമനഗര തഹസില്‍ദാര്‍ 2022 ജനുവരി 12 ന് നല്‍കിയ പരാതിയില്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിച്ച് അനുമതിയില്ലാതെ പദയാത്രയുമായി മുന്നോട്ട് പോയെന്നാണ് ആരോപണം. പ്രാദേശിക മജിസ്‌ട്രേറ്റ് കോടതിയാണ് നടപടികള്‍ ആരംഭിച്ചത്.
രാമനഗര ജില്ലയിലെ കനകപുരയ്ക്ക് സമീപം കാവേരി നദിക്ക് കുറുകെയുള്ള മേക്കേദാട്ട് റിസര്‍വോയര്‍ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്ന് പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസ് പദയാത്ര നടത്തിയിരുന്നത്.

 

Latest News