ഏക സിവില്‍ കോഡ് ചര്‍ച്ചയുടെ ലക്ഷ്യം തെരഞ്ഞെടുപ്പെന്ന് മുസ്ലിം നേതാക്കള്‍

ലഖ്‌നൗ- വ്യത്യസ്ത ജീവിത രീതികള്‍ പുലര്‍ത്തുന്ന നിരവധി മതന്യൂനപക്ഷങ്ങളുള്ള ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് അപ്രായോഗികമാണെന്ന് പ്രമുഖ മുസ്ലിം പണ്ഡിതന്മാരും വിവിധ ഇസ്ലാമിക സംഘടനാ നേതാക്കളും പറഞ്ഞു. ഏകസിവില്‍ കോഡ്
ഒരു സമുദായത്തെ മാത്രമല്ല മറ്റു സമുദായങ്ങളേയും ബാധിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാഷ്ട്രീയക്കാര്‍ ഏക സിവില്‍ കോഡിന്റെ പ്രശ്‌നം ഉന്നയിക്കുന്നുണ്ട്. ഇത്തവണയും തെരഞ്ഞെടുപ്പിന് മുമ്പാണ് വിഷയം ഉയര്‍ന്നിരിക്കുന്നതെന്ന് ഇസ്‌ലാമിക് സെന്റര്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനും ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗവുമായ മൗലാന ഖാലിദ് റാഷിദ് ഫറംഗി മഹാലി പറഞ്ഞു. ഏക സിവില്‍ കോഡ് മുസ്ലിംകളെ മാത്രമല്ല, ഹിന്ദുക്കള്‍, സിഖുകാര്‍, ക്രിസ്ത്യാനികള്‍, ജൈനര്‍, ജൂതന്മാര്‍, പാഴ്‌സികള്‍ തുടങ്ങി രാജ്യത്തെ മറ്റു ചെറിയ ന്യൂനപക്ഷങ്ങളെയും ബാധിക്കും. ഓരോ സമുദായത്തിനും വ്യത്യസ്തമായ പ്രാര്‍ത്ഥനാ രീതികളും  വിവാഹം പോലുള്ള ചടങ്ങുകളും ആചാരങ്ങളുമുണ്ട്. ഒരു പരിധിവരെ, വ്യക്തിജീവിതം വ്യത്യസ്തമാണ്. സ്വന്തം വിശ്വാസവും ജീവിതരീതിയും അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന അനുവദിച്ചിട്ടുണ്ട്. ഏതാണ്ട് 99 ശതമാനം നിയമങ്ങളും എല്ലാവര്‍ക്കും സമാനമാണ്. എന്നാല്‍ ചില വ്യക്തിനിയമങ്ങള്‍ വ്യത്യസ്ത സമുദായങ്ങള്‍ക്ക് വ്യത്യസ്തമായതിനാല്‍ അവ മാറ്റമില്ലാതെ തുടരണം-അദ്ദേഹം പറഞ്ഞു.
എല്ലാ മതസ്ഥരും തങ്ങളുടെ വ്യക്തിനിയമങ്ങളുമായി കാലങ്ങളായി സമാധാനത്തോടെ ജീവിക്കുന്ന മനോഹരമായ രാജ്യമാണ് ഇന്ത്യയെന്ന് ഓള്‍ ഇന്ത്യ ശിയ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന യാസൂബ് അബ്ബാസ് പറഞ്ഞു. ഓരോ സമൂഹത്തിനും അതിജീവിക്കാന്‍ അതിന്റേതായ വ്യക്തിഗത നിയമങ്ങള്‍ ആവശ്യമാണ്. അതിനാല്‍ ഏതെങ്കിലും ഇടപെടലുകള്‍ പാടില്ലെന്നും ഏകസിവില്‍ കോഡിനെ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 1400 വര്‍ഷമായി മുസ്‌ലിംകള്‍ അവരുടെ വ്യക്തിനിയമങ്ങള്‍ പാലിച്ചാണ് ഇന്ത്യയില്‍ ജീവിക്കുന്നതെന്നും ഇപ്പോള്‍ എന്തിനാണ് ഏക സവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള വ്യഗ്രതയെന്നും ജംഇയ്യത്ത് ഉലമായെ ഹിന്ദ് പ്രസിഡന്റും ദാറുല്‍ ഉലൂം ദയൂബന്ദ് വൈസ് ചാന്‍സലറുമായ മൗലാന അര്‍ഷാദ് മദനി പറഞ്ഞു. വ്യക്തിനിയമങ്ങളില്‍ മാറ്റം വരുത്താനുള്ള ഏതൊരു ശ്രമത്തെയും ജംഇയ്യ്ത്ത് ഉലമായെ ഹിന്ദ് എതിര്‍ക്കും. മറ്റ് സമുദായങ്ങളുടെവ്യക്തിനിയമങ്ങളെ ഞങ്ങള്‍ ബഹുമാനിക്കുന്നു. അതിനാല്‍ എല്ലാവരും ഞങ്ങളുടെ വ്യക്തിനിയമങ്ങളെയും മാനിക്കണം. മുസ്ലിംകള്‍ക്കിടയില്‍ ഏക സിവില്‍ കോഡിനെ കുറിച്ച് ബോധവല്‍ക്കരണം നടത്തുമെന്നും അടിച്ചേല്‍പ്പിക്കുന്നതിനെ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏക സിവില്‍കോഡിനെ കുറിച്ച് പുതിയ പൊതുജനാഭിപ്രായം തേടാനുള്ള നിയമ കമ്മീഷന്റെ നടപടി  രാജ്യത്ത് വിദ്വേഷം പരത്താന്‍ മാത്രമേ സഹായിക്കുകയുള്ളൂവെന്നും സാംബലില്‍ നിന്നുള്ള സമാജ്‌വാദി പാര്‍ട്ടി എംയപി ഷഫീഖുര്‍ റഹ്മാന്‍ ബാര്‍ഖ് പറഞ്ഞു.
വ്യക്തിനിയമങ്ങളിലെ മാറ്റങ്ങളെ അനുകൂലിക്കുന്നില്ലെന്നും എന്നാല്‍ ഈ വിഷയത്തെ എതിര്‍ക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നതിനുമുമ്പ്  ഗൗരവമായി സ്ത്രീകളുടെ അഭിപ്രായം തേടുമെന്ന് ഓള്‍ ഇന്ത്യ മുസ്‌ലിം വിമന്‍ പേഴ്‌സണല്‍ ലോ ബോര്‍ഡ് പ്രസിഡന്റ് ഷൈസ്ത ആംബര്‍ പറഞ്ഞു.

 

Latest News