തിരുവനന്തപുരം - തലസ്ഥാനത്ത് പോലീസുകാരനെ നാട്ടുകാർ നടുറോഡിൽ മർദ്ദിച്ചു. ബേക്കറി ജംഗ്ഷനിൽ വച്ച് ടെലി കമ്മ്യൂണിക്കേഷൻ സി.പി.ഒ ആർ ബിജുവിനെയാണ് മർദ്ദിച്ചത്. വീടിനുള്ളിൽ അതിക്രമിച്ചുകയറിയെന്ന് ആരോപിച്ചാണ് പോലീസുകാരനെ നാട്ടുകാർ മർദ്ദിച്ചത്.
ഇന്ന് രാവിലെ ഒമ്പതോടെയാണ് സംഭവം. ആർ ബിജു രാവിലെ ബേക്കറി ജങ്ഷനിലെ ഒരു വീട്ടിനകത്തേക്ക് കയറുകയായിരുന്നുവെന്ന് നാട്ടുകാരും മ്യൂസിയം പോലീസും പറഞ്ഞു. വീട്ടുകാർ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിയെത്തുകയായിരുന്നു. ഇവരാണ് ബിജുവിനെ റോഡിലേക്ക് വലിച്ചഴിച്ച് തല്ലിച്ചതച്ചത്. ബിജു മദ്യലഹരിയിലായിരുന്നുവെന്നും പറയുന്നു. തുടർന്ന് ബിജുവിനെ മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തു.
വീട്ടിൽ അതിക്രമിച്ചു കയറിയതിന് ബിജുവിനെതിരെയും മർദ്ദിച്ചതിന് നാട്ടുകാർക്കെതിരേയും കേസെടുത്തതായി പോലീസ് പറഞ്ഞു. അതിനിടെ, ബിജു കൃത്യമായി പോലീസ് സ്‌റ്റേഷനിൽ ഹാജരാകാറില്ലെന്നും ഇതുമായി ബന്ധപ്പെട്ട നിയമനടപടികൾ നേരിടുകയാണെന്നും പറയുന്നു.