വ്യാജ രേഖ കേസ്; വിദ്യ കോഴിക്കോട്ട് ഒളിവിലെന്ന് സൂചന, അന്വേഷണം വ്യാപിപ്പിച്ചു

കോഴിക്കോട് - മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ ചമച്ച കേസില്‍ ഒളിവില്‍ കഴിയുന്ന മുന്‍ എസ് എഫ് ഐ നേതാവ് വിദ്യ കോഴിക്കോട്ട് ഒളിവില്‍ കഴിയുന്നതായി പോലീസിന് സൂചന. ഇതേ തുടര്‍ന്ന് അന്വേഷണം കോഴിക്കോട്ടേക്ക് വ്യാപിപ്പിച്ചു. വിദ്യ അടുത്ത ദിവസം വരെ എറണാകുളത്തുണ്ടായിരുന്നുവെന്നും അവിടെ നിന്ന് കോഴിക്കോട്ടേക്ക് കടന്നതായുമാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. ഇന്നലെ പോലീസ് സൈബര്‍ ടീമിനെക്കൂടി ഉള്‍പ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ എത്തിയ അന്വേഷണസംഘം വിദ്യയുടെ സുഹൃത്തുക്കളെക്കുറിച്ച് അന്വേഷിക്കുകയും അവരുടെ വീടുകളില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു. തൃശൂര്‍ കോളീജിയറ്റ് എജ്യുക്കേഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഓഫിസിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍, അട്ടപ്പാടി ഗവ.കോളജ് പ്രിന്‍സിപ്പല്‍, ഇന്‍ര്‍വ്യു ബോര്‍ഡ് അംഗങ്ങള്‍ എന്നിവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. അതേസമയം വിദ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അഗളി പോലീസ് ഇന്ന് ഹൈക്കോടതിയില്‍ മറുപടി സത്യവാങ്ങ്മൂലം സമര്‍പ്പിക്കുമെന്നറിയുന്നു.

 

Latest News