ബിഹാറില്‍ അധ്യാപകരും സഹപാഠികളും ചേര്‍ന്ന്‌ 13കാരിയെ ഏഴു മാസം പീഡിപ്പിച്ചു

ഛപ്ര- ബിഹാറിലെ ഛപ്രയില്‍ 13-കാരിയായ വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ പ്രധാനധ്യാപകനും മറ്റു രണ്ടു അധ്യാപകരും സഹപാഠികളും ഏഴു മാസത്തോളം നിരന്തരമായി ലൈംഗിക പീഡനത്തിനിരയാക്കി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അച്ഛന്‍ ജയിലായതിനു പിന്നാലെയാണ് സഹപാഠികളും അധ്യാപകരും ചേര്‍ന്ന് തന്നെ ഭീഷണിപ്പെടുത്തി കൂട്ടബലാല്‍സംഗം ചെയ്തതെന്ന് പെണ്‍കുട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പ്രധാനധ്യാപകനെയും മറ്റൊരു അധ്യാപകനേയും പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു വിദ്യാര്‍ത്ഥികളേയും പോലീസ് പിടികൂടിയിട്ടുണ്ട്. 

ഡിസംബറില്‍ ഒരു സഹപാഠിയാണ് ആദ്യമായി തന്നെ ബലാല്‍സംഗത്തിനിരയാക്കിയതെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് മറ്റു വിദ്യാര്‍ത്ഥികളും പ്രധാനധ്യാപകനും മറ്റു രണ്ടു അധ്യാപകരും ഭീഷണിയുടെ നിഴലില്‍ നിര്‍ത്തി പെണ്‍കുട്ടിയെ തുടര്‍ച്ചയായി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. 15 വിദ്യാര്‍ത്ഥികളാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അച്ഛന്‍ ജയില്‍ മോചിതനാകുന്നതു വരെ ഇതു തുടര്‍ന്നുവെന്ന് പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ എക്‌സ പോലീസ് സ്റ്റേഷന്‍ കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്. പരാതിയില്‍ പേര് പരാമര്‍ശിച്ചു മറ്റുള്ളവര്‍ക്കായി പോലീസ് തിരച്ചില്‍ നടത്തി വരികയാണ്.
 

Latest News